പാറക്കെട്ടുകൾ തുരന്ന് ആഡംബര ഹോട്ടൽ പദ്ധതി: കിരീടാവകാശിയും ജീൻ നൊവേലും അൽഉലയിൽ

പാറക്കെട്ടുകൾ തുരന്ന് ആഡംബര ഹോട്ടൽ പദ്ധതി: കിരീടാവകാശിയും ജീൻ നൊവേലും അൽഉലയിൽ

റിയാദ്: അൽഉലാ മരൂഭൂമിയിലെ പാറക്കെട്ടുകളിൽ ആഡംബര ഹോട്ടൽ നിർമിക്കുന്നതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രമുഖ ഫ്രഞ്ച് വാസ്തുശിൽപി ജീൻ നൊവേലും ചർച്ച നടത്തി.
പാറ തുരന്നു നിർമിക്കുന്ന മൂന്നു വില്ലകളും 40 റൂമുകളുമുള്ള ഹോട്ടൽ സമുച്ചയത്തിന്റെ രൂപരേഖ കിരീടാവകാശിക്ക് ജീൻ സമർപ്പിച്ചു. ശേഷം ഇരുവരും പദ്ധതി പ്രദേശം സന്ദർശിച്ചു.

നൂറ്റാണ്ടുകൾക്ക് മുമ്പേ മനുഷ്യ വാസം തുടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ട ഈ പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനാണ് സ്വപ്‌ന പദ്ധതി നടപ്പാക്കുന്നത്. 2024 ൽ ടൂറിസ്റ്റുകൾക്ക് തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. ലോക ടൂറിസം ഭൂപടത്തിൽ അൽഉലാക്ക് പരമപ്രധാന സ്ഥാനം ലഭിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ച് കിരീടാവകാശി ചെയർമാനായ അൽഉലാ റോയൽ അതോറിറ്റി നേരത്തെ ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ജീൻ നൊവേലിന്റെ റിസോർട്ട് സമുച്ചയമെത്തുന്നത്.

പാറക്കെട്ടുകൾ തുരന്ന് ആഡംബര ഹോട്ടൽ പദ്ധതി: കിരീടാവകാശിയും ജീൻ നൊവേലും അൽഉലയിൽ

അബൂദാബിയിലെ ലൂവ്രെ മ്യൂസിയം, ഫിൽഹാർമൊണി ഡി പാരീസ് എന്നിവ രൂപകൽപന ചെയ്ത ഇദ്ദേഹം ശഅ്‌റാൻ എന്നാണ് ഈ റിസോർട്ടിന് പേരിട്ടിരിക്കുന്നത്. മദീനയിൽ നിന്ന് 220 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ അൽഉല പൈതൃക നഗരത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതായിരിക്കും.

പാറകൾ തുരന്ന് വീടുകൾ നിർമിച്ചിരുന്ന പൗരാണിക സമൂഹങ്ങൾ വസിച്ചിരുന്ന ഈ പ്രദേശങ്ങളിൽ തനത് ശൈലി ആവർത്തിക്കാനാണ് ജീനിന്റെ നീക്കം. റിസോർട്ടിന്റെ 40 റൂമുകളും മൂന്നു വില്ലകളും പാറകളിൽ കൊത്തിയെടുത്തതായിരിക്കും. ബാൽക്കണിയിലിരുന്നാൽ ചുറ്റുമുള്ള പ്രകൃതി ആസ്വദിക്കാനാകും. പ്രവേശന കവാടം വൃത്താകൃതിയിലുള്ള കുഴിയുടെ രൂപത്തിലായിരിക്കും. അകത്തെ ചുമരുകൾ പാറയിൽ നിന്ന് വെട്ടിയെടുത്ത അതേ രീതിയിലാണ് നിർമിക്കുക. സിമന്റോ പെയിന്റോ ഉപയോഗിക്കില്ല. ഇവിടെയെത്തുന്നവർക്ക് ഇത് ഏറ്റവും നല്ല അനുഭൂതിയായിരിക്കുമെന്ന് പദ്ധതിയുടെ രൂപരേഖ കിരീടാവകാശിക്ക് വിശദീകരിച്ച് നൽകിയ ശേഷം അദ്ദേഹം പറഞ്ഞു. ഇപ്പോഴും ചരിത്ര അവശേഷിപ്പുകൾക്കായി ഇവിടെ ഗവേഷകർ ഖനനം തുടർന്നുകൊണ്ടിരിക്കുകയാണ്.

Share this story