വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ പുനഃക്രമീകരിച്ചു

വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ പുനഃക്രമീകരിച്ചു

മക്ക: വിശുദ്ധ ഹറമിൽ മതാഫിലെ ട്രാക്കുകൾ ഹറംകാര്യ വകുപ്പ് പുനഃക്രമീകരിച്ചു. തീർഥാടകരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അകലം ഉറപ്പുവരുത്തുന്ന നിലക്ക് ട്രാക്കുകൾ പുനഃക്രമീകരിക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകുകയായിരുന്നു. വീൽചെയറുകൾ ഉപയോഗിക്കുന്ന വയോജനങ്ങൾക്കും വികലാംഗർക്കും പ്രത്യേക ട്രാക്കുകൾ നീക്കിവെക്കാനും നിർദേശമുണ്ട്.

ഉംറയും സിയാറത്തും പടിപടിയായി പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായ മൂന്നാം ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവഹിക്കാനും 60,000 പേർക്ക് വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും 19,500 പേർക്ക് മസ്ജിദുന്നബവി സിയാറത്തിനും അനുമതി നൽകുന്നുണ്ട്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ കണക്കിലെടുത്തുള്ള വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും 100 ശതമാനം ശേഷിയിലാണ് മൂന്നാം ഘട്ടത്തിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നത്. ‘ഇഅ്തമർനാ’ ആപ്പ് അംഗീകരിക്കുന്ന സമയക്രമം പാലിച്ചാണ് ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കുമുള്ള തീർഥാടകരുടെ പ്രവേശനം ക്രമീകരിക്കുന്നത്.

Share this story