തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി മക്കയിലെ ഗിഫ്റ്റ് ഷോപ്പുകൾ

തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി മക്കയിലെ ഗിഫ്റ്റ് ഷോപ്പുകൾ

മക്ക: വിദേശങ്ങളിൽനിന്ന് ഉംറ തീർഥാടകരുടെ വരവ് തുടങ്ങിയതോടെ പ്രതിസന്ധി മറികടക്കാമെന്ന വിശ്വാസത്തിലാണ് മക്കയിലെ ഗിഫ്റ്റ് ഷോപ്പുകൾ. 200 ദിവസത്തിലേറെ നീണ്ട സ്തംഭനാവസ്ഥയ്ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ ഗിഫ്റ്റ് ഷോപ്പുകൾ ചമഞ്ഞൊരുങ്ങിയിരിക്കുകയാണ്.

കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മുസല്ലകൾ, ഇരു ഹറമുകളുടെ മോഡലുകൾ, വിശുദ്ധ കഅ്ബാലയത്തിന്റെ ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയാണ് കമ്പോളങ്ങൾ കീഴടക്കുന്ന സമ്മാനങ്ങൾ.
ഇത്തരം സമ്മാനങ്ങളുടെ വലിയ ശേഖരവുമായാണ് സാധാരണ വിശ്വാസികൾ തീർഥാടനം കഴിഞ്ഞ് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.

കോവിഡ് വ്യാപന ഭീതിയിൽ ഉംറ റദ്ദാക്കിയതോടെ കമ്പോളം മാന്ദ്യത്തിലേക്ക് വീണിരുന്നു. ഒക്ടോബർ 18 ന് വീണ്ടും ഉംറ പുനരാരംഭിച്ചെങ്കിലും തീർഥാടകർക്ക് അങ്ങാടിയിലേക്ക് പ്രവേശിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സാമ്പത്തിക മേഖല കരകേറിയിരുന്നില്ല.
എന്നാൽ മൂന്നാം ഘട്ടത്തിൽ കൂടുതൽ തീർഥാടകർ എത്തുകയും നിയന്ത്രണങ്ങളിൽ അയവ് വരികയും ചെയ്യുന്നതോടെ മക്കയിൽ ഗിഫ്റ്റ് ഷോപ്പുകൾ അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങൾ ഉണരുമെന്നും സാമ്പത്തിക നില മെച്ചപ്പെടുമെന്നുമാണ് കണക്ക് കൂട്ടൽ.

നിലവിൽ, പള്ളിയും പരിസരത്തെ കമ്പോളങ്ങളും റോഡുകളും സജീവമാകുന്ന പുതിയ ഒരു ഘട്ടത്തിനായുള്ള കാത്തിരിപ്പിലാണ് മക്കയിലെ വാണിഭക്കാർ. നാലാം ഘട്ടത്തോടെ എല്ലാം സാധാരണ നിലയിലാവുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഈ ഉംറ സീസണിൽ മക്കയിൽ ഗിഫ്റ്റ് വിപണി ഏകദേശം 15 ദശലക്ഷം റിയാൽ വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ഹജ്-ഉംറ ദേശീയ സമിതി അംഗം മുഹമ്മദ് അൽഖുറഷി പറഞ്ഞു

Share this story