ഇന്ത്യയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു; വിമാന സര്‍വീസിന് സമ്മര്‍ദവുമായി അംബാസഡര്‍

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു; വിമാന സര്‍വീസിന് സമ്മര്‍ദവുമായി അംബാസഡര്‍

റിയാദ്: ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രവാസികളുടെ അന്വേഷണങ്ങളാണ് ഇന്ത്യന്‍ എംബസിയുടേയും എയര്‍ ഇന്ത്യയുടേയും വെബ് സൈറ്റുകളില്‍ നിറയെ. എംബസിയും കോണ്‍സുലേറ്റും അപ്‌ഡേറ്റ് ചെയ്യുന്ന ഏതു വിവരങ്ങളുടെ അടിയിലും നാട്ടില്‍ കുടുങ്ങിയിരിക്കുന്ന പ്രവാസികള്‍ക്ക് അന്വേഷിക്കാനുള്ളത് ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് വിമാനങ്ങള്‍ എപ്പോള്‍ പറന്നു തുടങ്ങുമെന്ന കാര്യമാണ്.

കൃത്യമായ വിവരം നല്‍കുന്നതില്‍ എംബസി അധികൃതര്‍ നിസ്സഹായരാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന വിമാനങ്ങള്‍ പുനരരാരംഭിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സൗദി അധികൃതരാണ്. ഇന്ത്യയുടെ ഭാഗത്ത് സര്‍വീസ് വീണ്ടും തുടങ്ങുന്നതിന് തടസ്സങ്ങളില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞയാഴ്ച ജി.സി.സി അധികൃതരുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയില്‍ ഇന്ത്യക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും പുരോഗതിയുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും വ്യക്തമാക്കുന്നു. ആരോഗ്യ രംഗത്തെ സഹകരണത്തെ കുറിച്ച് കഴിഞ്ഞ ദിവസം സൗദി ഡെപ്യൂട്ടി മന്ത്രി അബ്ദുറഹ്്മാന്‍ അല്‍ ഐബന്‍, അസി. ഡെപ്യൂട്ടി മിനിസ്റ്റര്‍ സാറ അല്‍ സഈദ് എന്നിവരുമായി അംബാസഡര്‍ നടത്തിയ ചര്‍ച്ചയിലും ഈ വിഷയം ഉന്നയിച്ചു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടുവെന്നും മന്ത്രിമാരെ ബോധ്യപ്പെടുത്തിയ അംബാസഡര്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. നിലവില്‍ സൗദിയില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നും സൗദി അധികൃതര്‍ തീരുമാനം മാറ്റിയാല്‍ ഉടന്‍ തന്നെ വെബ് സൈറ്റിലും സോഷ്യല്‍ മീഡിയയിലും അപ്‌ഡേറ്റ് നല്‍കുമെന്നുമാണ് എയര്‍ ഇന്ത്യ നല്‍കുന്ന മറുപടി.

യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിരിക്കരുതെന്ന നിബന്ധനയില്‍ സൗദി അധികൃതര്‍ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഈ നിബന്ധന. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ 14 താമസിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റുമായാണ് ഇപ്പോള്‍ സൗദി നഗരങ്ങളിലെത്തുന്നത്. ഡിസംബര്‍ ആദ്യത്തോടെ ഇന്ത്യയും സൗദിയും സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികള്‍.

Share this story