ഖശോഗി വധം; രാജ്യം വലിയ വില നൽകുന്നു: അൽജുബൈർ

ഖശോഗി വധം; രാജ്യം വലിയ വില നൽകുന്നു: അൽജുബൈർ

റിയാദ്: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി വധത്തിലേക്ക് നയിച്ച തെറ്റിന് രാജ്യം വലിയ വില നൽകുന്നതായി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഡെന്മാർക്ക് സന്ദർശനത്തിനിടെ ഡാനിഷ് മീഡിയ അതോറിറ്റിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ. ഖശോഗി വധം വ്യക്തിപരമായ പിഴവ് ആയിരുന്നു. കുറ്റവാളികളെ ശിക്ഷിച്ചിട്ടുമുണ്ട്. എന്നിട്ടും ഈ തെറ്റിന് രാജ്യം വലിയ വില നൽകുകയാണ്. സ്വന്തം പൗരന്മാരെ വധിച്ച ചരിത്രം സൗദി അറേബ്യക്കില്ല. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ അവലംബിച്ചാണ് ഖശോഗി വധത്തിൽ ഫ്രഞ്ച് മനുഷ്യാവകാശ വിദഗ്ധയും യു.എൻ വസ്തുതാന്വേഷണ ഉദ്യോഗസ്ഥയുമായ ആഗ്നസ് കലമാർഡ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണങ്ങൾ നടത്തിയല്ല ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയത്. സംഭവത്തിൽ യു.എന്നിന്റെ കാഴ്ചപ്പാടും ഈ റിപ്പോർട്ട് പ്രകടിപ്പിക്കുന്നില്ല.

സൗദി അറേബ്യ ലോക രാജ്യങ്ങളോട് യാചിക്കുന്നില്ല. മറ്റു രാജ്യങ്ങളാണ് നിക്ഷേപം തേടി സൗദി അറേബ്യയെ സമീപിക്കുന്നത്. സൗദി അറേബ്യ നിക്ഷേപങ്ങൾക്കു വേണ്ടി യാചിക്കുകയാണെന്ന് അഭിമുഖം നടത്തിയ ഡാനിഷ് മാധ്യമപ്രവർത്തകന്റെ പ്രസ്താവനക്ക് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഓരോ രാജ്യത്തിനും അതിന്റേതായ ഒരു ഭരണ സംവിധാനമുണ്ട്. സൗദിയിൽ സ്വാതന്ത്ര്യവും സുതാര്യതയും ലിംഗസമത്വവും നിലവിലുണ്ട്. അടുത്ത കാലത്ത് രാജ്യത്ത് സ്ത്രീകൾക്ക് വാഹനമോടിക്കാൻ അവകാശം ലഭിച്ചു. പൊതുസ്ഥലങ്ങളിൽ ലിംഗപരമായ വേർതിരിവ് നിലവിലില്ല. ഡ്രസ്സ് കോഡ് ലഘൂകരിച്ചിട്ടുണ്ട്. പുരുഷന്മാരെ പോലെ ജോലിയിൽ പ്രവേശിക്കാനുള്ള അതേ അവസരങ്ങൾ നിലവിൽ വനിതകൾക്കുമുണ്ട്. വനിതകളെ അംബാസഡർമാരായും മന്ത്രിമാരായും സൗദി അറേബ്യ നിയമിച്ചിട്ടുണ്ട്.

സൗദി അറേബ്യയോട് ആജ്ഞാപിക്കാൻ ആർക്കും കഴിയില്ലെന്നും മറ്റുള്ളവർ നടത്തുന്ന ട്വീറ്റുകൾ ഗൗരവത്തിലെടുക്കുന്ന ബനാന റിപ്പബ്ലിക് അല്ല സൗദി അറേബ്യയെന്നും ആക്ടിവിസ്റ്റ് സമർ ബദവിയെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് കനേഡിയൻ വിദേശ മന്ത്രി 2018 ൽ നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ആദിൽ അൽജുബൈർ പറഞ്ഞു. ട്വീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല കാനഡയുമായുള്ളത്. സൗദി അറേബ്യയോട് തങ്ങൾ ആജ്ഞാപിക്കുന്നു എന്ന സ്വരത്തിലാണ് പ്രശ്‌നം.

ഡ്രൈവിംഗ് അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലല്ല ആക്ടിവിസ്റ്റുകളായ സമർ ബദവിയെയും ലുജൈൻ അൽഹദ്‌ലൂലിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യക്കെതിരെ ഗൂഢാലോചനകൾ നടത്തുന്നതിന് ഇരുവരും വിദേശ ശക്തികളുമായി സഹകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരുവർക്കുമെതിരെ അന്വേഷണം നടത്തുകയും ചോദ്യം ചെയ്തിട്ടുമുണ്ട്. രണ്ടു പേർക്കുമെതിരായ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള അടിസ്ഥാന താൽപര്യങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവും ജോ ബൈഡൻ ഭരണകൂടവും തമ്മിൽ ഒരുവിധ വ്യത്യാസവുമുണ്ടാകില്ല എന്നാണ് കരുതുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി ആദിൽ അൽജുബൈർ പറഞ്ഞു.

Share this story