മെട്രോ ജേർണലിന് ഷാർജ ഗവൺമെന്റ് ബുക്ക് അതോറിറ്റിയുടെ ആദരം

മെട്രോ ജേർണലിന് ഷാർജ ഗവൺമെന്റ് ബുക്ക് അതോറിറ്റിയുടെ ആദരം

ഷാർജ: മാധ്യമ രംഗത്തെ സുത്യർഹമായ സംഭാവനകൾക്ക് ഷാർജ ഗവൺമെന്റ് ബുക്ക് അതോറിറ്റിയുടെ അംഗീകാരം മെട്രോ ജേർണലിനെ തേടിയെത്തി. ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് ചെയ്ത വാർത്തകളെ മുൻനിർത്തിയാണ് ഇക്കുറി പ്രശസ്തിപത്രവും ക്യാഷ് അവാർഡും മെട്രോ ജേർണലിന് ലഭിച്ചത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഷാർജയിൽ വർഷം തോറും നടന്നു വരാറുള്ള പതിനൊന്ന് ദിവസത്തെ രാജ്യാന്തര പുസ്തകമേളയാണ് ഷാർജ ഇന്റെർ നാഷണൽ ബുക്ക് ഫെയർ. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയിഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ 1982 ലാണ് ഇതിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. കഴിഞ്ഞ 38 പതിപ്പുകളിൽ തന്നെ പ്രശസ്തി നേടിയ എസ്. ഐ.ബി.എഫ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച പുസ്തക പ്രസിദ്ധീകരണ വേദികളിലൊന്നായി അംഗീകരിക്കപ്പെടുന്നു.

അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയാണിത്. കോവിഡ് മാഹാമാരിയെ തുടർന്ന് ഇന്നുവരെ നടന്നതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ മേളയായിരുന്നു നവംബർ 4ന് തുടങ്ങി 14 ന് അവസാനിച്ച എസ്.ഐ.ബി.എഫ് 2020. ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടന്ന 11 ദിവസത്തെ പുസ്തക മേളയിൽ 73 രാജ്യങ്ങളിൽ നിന്നുള്ള 1,024 പ്രസാധകർ പങ്കാളികളാകുകയും ഇംഗ്ലീഷ്, അറബിക്, ഇന്ത്യൻ ഭാഷകളിലും, മറ്റ് ഭാഷകളിൽ നിന്നുമായി 80,000 പുതിയ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മെട്രോ ജേർണലിന് വേണ്ടി മെട്രോ ജേണൽ ഗൾഫ് എഡിറ്റർ മുഹമ്മദ് ഖാദർ നവാസ് പ്രശസ്തി പത്രവും ക്യാഷ് അവാർഡും അഭിമാനപൂർവം ഏറ്റുവാങ്ങി.

Share this story