ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി; പിറന്നത് പുതിയ ചരിത്രം

ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി; പിറന്നത് പുതിയ ചരിത്രം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത് പുതിയ ചരിത്രം. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായില്‍ നിന്നും പറന്ന വിമാനം പ്രാദേശിക സമയം 11.30-ന് തെല്‍ അവീവില്‍ എത്തി.

സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അബ്രഹാം എക്കോഡ് എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവച്ചതിനു ശേഷമാണ് ദുബായില്‍ നിന്ന് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇസ്രായേലില്‍ എത്തിയത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യ വിമാനത്തെ വരവേല്‍ക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനിയും ഒരുപാട് വിമാനങ്ങള്‍ പറക്കുമെങ്കിലും ആദ്യത്തെ പറക്കല്‍ ഒരു വട്ടം മാത്രമേ സംഭവിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ദുബായില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആദ്യ യാത്രാവിമാനം എന്ന നിലയ്ക്ക് ഈ വിമാനത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ളൈദുബായ് വിമാനം തെല്‍ അവീവിലേക്ക് ദിവസം രണ്ട് തവണയാണ് സര്‍വീസ് നടത്തുക. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യവുമുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ദുബായില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്തവരിലേറെയും വിനോദ സഞ്ചാരികളായിരുന്നു. കൂടാതെ, ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഏതാനും ഇസ്രായേലി പൗരന്മാരും ഉണ്ടായിരുന്നു.

Share this story