ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സ്‌ഫോടനത്തിന്റെ സ്ഥിരീകരിക്കാത്ത ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഹൊസെയിന്‍ സലാമി പറഞ്ഞു.

ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാനനോട്ടപ്പുളളികളിലൊരാളാണ്. ഇസ്രയേലിന് പങ്കുണ്ടെന്നും വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

Share this story