ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി നയതന്ത്ര ബന്ധമില്ല: സൗദി 

ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി നയതന്ത്ര ബന്ധമില്ല: സൗദി 

മനാമ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽവരാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. മനാമ ഡയലോഗ് സമ്മേളനത്തിന്റെ ഭാഗമായ പതിനാറാമത് റീജനൽ സെക്യൂരിറ്റി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനികളും ഇസ്രായിലുകളും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനാണ് നിലവിൽ മുൻഗണന നൽകേണ്ടത്. ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കാനുള്ള ഏക മാർഗം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ്. ഖത്തറുമായുള്ള പ്രതിസന്ധി വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ ശ്രമിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കക്ഷികൾക്കും തൃപ്തികരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളുടെ സംയോജനത്തിലും ഐക്യത്തിലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് ഏറെ താൽപര്യമുണ്ട്.

കൂട്ടായ പ്രവർത്തനത്തിലൂടെ പ്രതിസന്ധികളിൽ ആഗോള സമൂഹത്തിന് ഒരുമിച്ചുനിൽക്കാൻ സാധിക്കുമെന്ന് ജി-20 കൂട്ടായ്മക്ക് അധ്യക്ഷത വഹിച്ച് സൗദി അറേബ്യ തെളിയിച്ചു. മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളാണ് കോവിഡ്-19 സൃഷ്ടിച്ചത്. ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗങ്ങളിലും ഇത് വലിയ സമ്മർദം ചെലുത്തി.

കൊറോണ പ്രതിസന്ധി നേരിടുന്നതിന് സൗദി അറേബ്യ നിരവധി നടപടികൾ സ്വീകരിച്ചു. സ്വകാര്യ മേഖലക്ക് ലഘുവായ്പകൾ ലഭ്യമാക്കുകയും ബാങ്കിംഗ് മേഖലയിൽ പണലഭ്യത ശക്തിപ്പെടുത്തുന്നതിന് 5,000 കോടി റിയാൽ ബാങ്കിംഗ് മേഖലയിൽ പമ്പു ചെയ്യുകയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണകളും സഹായങ്ങളും നൽകുകയും ചില നികുതികളും ഫീസുകളും ഈടാക്കുന്നത് നീട്ടിവെക്കുകയും ചെയ്തു. മികച്ച ഭാവിക്ക് അടിത്തറയിടുന്ന പകർച്ചവ്യാധി പ്രതികരണങ്ങളും നൂതന നയങ്ങളും മുന്നോട്ടുവെക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നത് സൗദി അറേബ്യ തുടരുമെന്നും വിദേശ മന്ത്രി പറഞ്ഞു.

Share this story