വൈറസ് വ്യാപനം വിജയകരമായി തടയാന്‍ സാധിച്ചു; അബുദാബിയില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

വൈറസ് വ്യാപനം വിജയകരമായി തടയാന്‍ സാധിച്ചു; അബുദാബിയില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു

കോവിഡ് വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അബുദാബിയില്‍ എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. മുഴുവന്‍ വാണിജ്യ, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും. വകുപ്പുകളുമായി സംയോജിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ നടപ്പാക്കിയിട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതല്‍ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം വിജയകരമായി തടയാന്‍ സാധിച്ചു. നിലവില്‍ എമിറേറ്റില്‍ രേഖപ്പെടുത്തുന്ന രോഗബാധയിലും കുറവുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കമ്മിറ്റിയുടെ തീരുമാനം.കഴിഞ്ഞ 3 മാസത്തെ കണക്കനുസരിച്ച് കോവിഡ് പരിശോധിച്ചവരില്‍ 0.39% പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാവിധ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികളും കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റും. പൊതുജനാരോഗ്യത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്ന രീതിയിലായിരിക്കും ആരോഗ്യ സുരക്ഷാനടപടികള്‍ പുനഃക്രമീകരിക്കുകയെന്നും കമ്മിറ്റി പുറത്തുവിട്ട അറിയിപ്പിലുണ്ട്. ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. നിയന്ത്രണത്തില്‍ ഇളവു വരുത്തിയാലും വീടുകള്‍, ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചുള്ള സൗജന്യ കോവിഡ് പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share this story