സൗദിയുടെ എണ്ണ വരുമാനത്തിൽ 40 ശതമാനം ഇടിവ്

സൗദിയുടെ എണ്ണ വരുമാനത്തിൽ 40 ശതമാനം ഇടിവ്

റിയാദ്: ഈ വർഷം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 40.6 ശതമാനം തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ സൗദി അറേബ്യ ആകെ 372 ബില്യൺ റിയാലാണ് എണ്ണ കയറ്റുമതിയിലൂടെ നേടിയത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരും ചേർന്ന് ഉൽപാദനം വെട്ടിക്കുറക്കാൻ ധാരണയുണ്ടാക്കിയതും കൊറോണ വ്യാപനം മൂലം ആഗോള വിപണിയിൽ എണ്ണയാവശ്യം കുറഞ്ഞതും എണ്ണ വിലയിടിച്ചിലുമാണ് എണ്ണ കയറ്റുമതി വരുമാനം ഇടയാൻ ഇടയാക്കിയ പ്രധാന ഘടകങ്ങൾ.

ജനുവരി ഒന്നു മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള പത്തു മാസക്കാലത്ത് എണ്ണ കയറ്റുമതി വരുമാനത്തിൽ 254.76 ബില്യൺ റിയാലിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണ കയറ്റുമതി വരുമാനം 626.83 ബില്യൺ റിയാലായിരുന്നു. ഈ വർഷം ഇത് 372.08 ബില്യൺ റിയാലായി കുറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി എണ്ണ കയറ്റുമതി വരുമാനം ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഒക്‌ടോബറിൽ 38.91 ബില്യൺ റിയാലിന്റെ എണ്ണ കയറ്റി അയച്ചു. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 10.8 ശതമാനം കൂടുതലാണിത്. സെപ്റ്റംബറിൽ എണ്ണ കയറ്റുമതി വരുമാനം 35.11 ബില്യൺ റിയാലായിരുന്നു.

ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ 235 കോടി ബാരൽ എണ്ണയാണ് സൗദി അറേബ്യ കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 253 കോടി ബാരലായിരുന്നു. ഏപ്രിൽ മാസത്തിലാണ് സൗദി അറേബ്യ ഏറ്റവുമധികം എണ്ണ കയറ്റി അയച്ചത്. ഏപ്രിലിൽ പ്രതിദിനം 11.335 ദശലക്ഷം ബാരൽ തോതിൽ എണ്ണ കയറ്റി അയച്ചു. കയറ്റുമതി ഏറ്റവും കുറവ് ജൂണിലായിരുന്നു. ജൂണിൽ പ്രതിദിനം 60.65 ലക്ഷം ബാരൽ തോതിലായിരുന്നു കയറ്റുമതി. ജൂൺ മാസത്തിനു ശേഷം കയറ്റുമതി വർധിച്ചു. ഒക്‌ടോബറിൽ പ്രതിദിന കയറ്റുമതി 73.75 ലക്ഷം ബാരലായിരുന്നു.

Share this story