സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

സൗദി അറേബ്യയിൽ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്; നിർദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വെള്ളിയാഴ്‍ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാജ്യത്തെ സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തലസ്ഥാന നഗരമായ റിയാദ്, കിഴക്കന്‍ മേഖലകള്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജൗഫ്‌, തബൂക്ക്, ഹൈല്‍, ഖസീം എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനും ഇതേ തുടര്‍ന്ന് കനത്ത മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവുമുണ്ടാകാനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

മക്ക, മദീന, അല്‍ ബാഹ എന്നിവിടങ്ങളിലും ഇടിമിന്നലും സാമാന്യം ശക്തമായ മഴയും, കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഈ ദിവസങ്ങളില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

Share this story