മാസങ്ങളായി ശമ്പളമില്ല; കുവൈറ്റില്‍ ഇന്ധന സ്റ്റേഷന്‍ ജീവനക്കാരുടെ പണിമുടക്ക്

മാസങ്ങളായി ശമ്പളമില്ല; കുവൈറ്റില്‍ ഇന്ധന സ്റ്റേഷന്‍ ജീവനക്കാരുടെ പണിമുടക്ക്

കുവൈറ്റ് : ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കുവൈത്തില്‍ കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി (കെ.എന്‍.പി.സി) ഇന്ധന സ്റ്റേഷന്‍ ജീവനക്കാരുടെ പ്രതിഷേധം. നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു.

തെക്കന്‍ ഗ്യാസ് സ്റ്റേഷനുകളില്‍ നിന്നാണ് പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍ ഇന്ധന സ്റ്റേഷനുകളിലുടനീളം ജീവനക്കാര്‍ പണിമുടക്കി. 120 ഇന്ധന സ്റ്റേഷനുകളിലെ ജീവനക്കാരാണ് പ്രതിഷേധരംഗത്തുണ്ടായിരുന്നത്.

പണിമുടക്കിനെ തുടര്‍ന്ന് കെ.എന്‍.പി.സിയുടെ എല്ലാ സ്റ്റേഷനുകളിലും ഉപയോക്താക്കളുടെ നീണ്ടനിര തന്നെ കാണാന്‍ കഴിഞ്ഞു. പണിമുടക്ക് നിരവധി ആളുകളെ ബാധിച്ചു.

അതേസമയം, ജീവനക്കാരുടെ ശമ്പളം വൈകിയതിലെ ഉത്തരവാദികള്‍ കരാര്‍ കമ്പനികള്‍ ആണെന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി ട്വിറ്ററില്‍ അറിയിച്ചു. പെട്രോളിയം സേവനങ്ങള്‍ തടസ്സപ്പെട്ടതില്‍ കെ.എന്‍.പി.സി ഉപയോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു.

പണിമുടക്ക് മൂലമുണ്ടായ കുഴപ്പങ്ങളില്‍ പലരും അസംതൃപ്തരാണെങ്കിലും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി പേര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല ഇന്ധന സ്റ്റേഷന്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. 2016-ല്‍ കുവൈറ്റ് ആന്‍ഡ് ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് യൂണിയന്‍ തൊഴിലാളികളിലെ ആയിരക്കണക്കിന് അംഗങ്ങള്‍ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങളും വേതനവും വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

Share this story