യുഎഇയുടെ ആകാശത്ത് ദുരൂഹമായ തീഗോളം പ്രത്യക്ഷപ്പെട്ടു

യുഎഇയുടെ ആകാശത്ത് ദുരൂഹമായ തീഗോളം പ്രത്യക്ഷപ്പെട്ടു

ദുബായ്: വെള്ളിയാഴ്ച്ച വൈകീട്ട് അബൂദാബിയുടെ ആകാശത്ത് വമ്പന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്ററിന്റെ(ഐഎസ്‌സി) റിപോര്‍ട്ട് പ്രകാരം വൈകീട്ട് 6.32ന് നാല് സെക്കന്റ് നേരമാണ് തീഗോളം ദൃശ്യമായത്. കടുത്ത പ്രകാശത്തോട് കൂടിയ ഉല്‍ക്കാ പതനമാവാം ഇതെന്നാണ് കരുതുന്നത്. 2019 മാര്‍ച്ചില്‍ സമാനമായ തീഗോളം യുഎഇയുടെ ആകാശത്ത് ദൃശ്യമായിരുന്നു.

ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ 67,000 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുകയെന്ന് ഐഎസ്‌സി ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ജ്യോതിശാസ്ത്ര കാമറകള്‍ ഉപയോഗിച്ചാണ് ദൃശ്യം പകര്‍ത്തിയത്. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസയുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന പ്രകാശത്തോടെയുള്ള വസ്തുക്കളുടെ ഹൈ റസല്യൂഷന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവ അബൂദബിയിലെ പ്രധാന കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കുകയാണു ചെയ്യുന്നത്.

Share this story