വ്യാജ വാര്‍ത്ത; വിശുദ്ധ ഹറമിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ല

വ്യാജ വാര്‍ത്ത; വിശുദ്ധ ഹറമിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ല

മക്ക: തീര്‍ഥാടകരല്ലാത്തവര്‍ക്ക് തവാഫ് കര്‍മം നിര്‍വഹിക്കാന്‍ അനുമതി നല്‍കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതർ നിഷേധിച്ചു. ദീര്‍ഘ കാലമായി തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫിലേക്ക് പ്രവേശനം നല്‍കുന്നില്ല. കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച തീരുമാനമായിരുന്നു ഇത്.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ കുടുങ്ങരുതെന്ന് അധികൃതർ പറഞ്ഞു. ഉംറ തീര്‍ഥാടകരല്ലാത്തവര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മതാഫിലേക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

അതിനിടെ, വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയ ശേഷം ഇന്തോനേഷ്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. ജക്കാര്‍ത്തയില്‍ നിന്നുള്ള തീര്‍ഥാടകരെയും വഹിച്ച വിമാനം ശനിയാഴ്ച രാത്രിയാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്.

മുന്‍കരുതല്‍, പ്രതിരോധ നടപടികളും ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച പ്രോട്ടോകോളുകളും പാലിച്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം വിദേശത്തു നിന്ന് പുണ്യഭൂമിയിലെത്തുന്ന ആദ്യ തീര്‍ഥാടക സംഘമാണിത്. മക്കയിലെ ഹോട്ടലില്‍ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഉംറ കര്‍മം നിര്‍വഹിക്കും.

Share this story