പ്രവർത്തനാനുമതി  തേടി ഉംറ കമ്പനികൾ കോടതിയിൽ

പ്രവർത്തനാനുമതി  തേടി ഉംറ കമ്പനികൾ കോടതിയിൽ

മക്ക: ഭീമമായ പിഴകൾ അടയ്ക്കാൻ കഴിയാത്തതിനാൽ വിലക്കേർപ്പെടുത്തിയ 50 ഓളം ഉംറ സർവീസ് കമ്പനികൾ പ്രവർത്തനാനുമതി തേടി അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചു. ജവാസാത്തിനു കീഴിലെ വിദേശി വകുപ്പിനെതിരെയാണ് ഉംറ സർവീസ് കമ്പനികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങിയ തീർഥാടകരിൽ ഒരാൾക്ക് 25,000 റിയാൽ തോതിൽ സർവീസ് കമ്പനികൾക്ക് വിദേശി വകുപ്പ് പിഴകൾ ചുമത്തിയിട്ടുണ്ട്. ഈ പിഴകൾ അടയ്ക്കാത്തതിനെ തുടർന്നാണ് സർവീസ് കമ്പനികൾക്ക് വിദേശി വകുപ്പ് വിലക്കേർപ്പെടുത്തിയത്.

ഉംറ സർവീസ് കമ്പനികൾക്ക് വിദേശി വകുപ്പ് ആകെ 100 കോടിയിലേറെ റിയാൽ പിഴ ചുമത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പിഴകൾ റദ്ദാക്കി പ്രവർത്തനാനുമതി നൽകണമെന്നാണ് സർവീസ് കമ്പനികൾ ആവശ്യപ്പെടുന്നത്. നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടയ്ക്കാത്തതിനാൽ 540 സർവീസ് കമ്പനികൾക്ക് വിദേശി വകുപ്പ് പ്രവർത്തന വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ പെട്ട 50 ഓളം കമ്പനികളാണ് പ്രവർത്തനാനുമതി തേടി അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
500 ലേറെ ഉംറ സർവീസ് കമ്പനികൾക്ക് പ്രവർത്തന വിലക്കേർപ്പെടുത്തിയത് 11,000 ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെടാനും സർവീസ് കമ്പനികൾക്ക് ഭീമമായ നഷ്ടം നേരിടാനും ഇടയാക്കിയെന്ന് കമ്പനിയുടമകൾ പറയുന്നു.

Share this story