കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളുമായി സൗദി

കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് വേദികള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ ഉള്ളവ, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് അടയ്ക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.

പുതിയ നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് നീട്ടുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, വിവാഹ ഹാളുകള്‍ അല്ലെങ്കില്‍ ഹോട്ടലുകളില്‍ നടക്കുന്ന വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഇവന്റുകളും പാര്‍ട്ടികളും 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തീരുമാനിച്ചത്.

അതേസമയം, കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. താല്‍ക്കാലികമായാണ് സൗദി വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share this story