സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ.

പകര്‍ച്ച വ്യാധിയില്‍നിന്ന് നിന്ന് സ്വയം രക്ഷനേടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഒരു വര്‍ഷം ഈ മഹാമാരിയോടൊപ്പമാണ് നമ്മള്‍ ചെലവഴിച്ചത്. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇനി സാധാരണ നിലകൈവരിക്കുന്നതിലേക്കുള്ള പദ്ധതി. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. എല്ലാവരും വാക്‌സിന്‍ എടുക്കുക- മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഡിസംബര്‍ 17 ന് സൗദി അറേബ്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന് ശേഷം രാജ്യത്തൊട്ടാകെ നൂറിലധികം വാക്‌സിന്‍ സെന്ററുകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ന് മുതല്‍ ഒഴിവാക്കിയിരിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും ജിമ്മുകളിലും വിനോദ, വ്യായാമ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഭൂരിഭാഗം നടപടികളും ലഘൂകരിച്ചിരിക്കയാണ്.

മാസങ്ങളായി അടച്ചിട്ട സിനിമാശാലകളും ഗെയിമിംഗ് വേദികളും തുറക്കാന്‍ കഴിയും.
റെസ്‌റ്റോറന്റുകളും കഫേകള്‍ക്കും ഉപഭോക്താക്കളെ സ്വാഗതം ചെയ്യമ്പോള്‍ ഓരോ ടേബിളിനുമിടയില്‍ മൂന്ന് മീറ്റര്‍ ദൂരം പാലിക്കുന്നുണ്ടെന്നും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരു മേശയില്‍ ഇരിക്കുന്നില്ലെന്നും ഉറപ്പാക്കണം.

മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞെങ്കിലും 20 ലേറെ പേര്‍ പങ്കെടുക്കുന്ന വലിയ ഒത്തുചേരലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. വിരുന്നു ഹാളുകളിലോ ഹോട്ടലുകളിലോ ഉള്ള വിവാഹങ്ങളും വലിയ കോര്‍പ്പറേറ്റ് മീറ്റിംഗുകളും ഉള്‍പ്പെടെയുള്ള ഇവന്റുകളും പാര്‍ട്ടികളും അനുവദനീയമല്ല.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെമ്പാടും പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share this story