ഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

ഹറമൈൻ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

ജിദ്ദ: മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ഈ മാസം 31 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. ഗതാഗത മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ജിദ്ദയിൽ ട്രെയിൻ യാത്രക്കാർക്ക് സേവനം നൽകുക. അടുത്ത ഹജിനു മുമ്പായി, അഗ്നിബാധയിൽ നശിച്ച ജിദ്ദ സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പ്രയോജനപ്പെടുത്തി തുടങ്ങും.

സുലൈമാനിയ റെയിൽവെ സ്റ്റേഷൻ പുനർനിർമാണ ജോലികൾ പുരോഗമിക്കുകയാണ്. സ്റ്റേഷൻ നിർമാണ കരാറേറ്റെടുത്ത കമ്പനിയുടെ പൂർണ ചെലവിലാണ് പുനർനിർമാണ ജോലികൾ നടത്തുന്നത്. സുലൈമാനിയ സ്റ്റേഷനിലെ പുനർനിർമാണ ജോലികളുടെ പുരോഗതി അടുത്തിടെ ഗതാഗത മന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു.

Share this story