യാത്രാ വിലക്ക് നീട്ടി സൗദി; യുഎഇയിൽ കാത്തിരുന്ന മലയാളികൾ നിരാശയോടെ നാട്ടിലേക്ക്

യാത്രാ വിലക്ക് നീട്ടി സൗദി; യുഎഇയിൽ കാത്തിരുന്ന മലയാളികൾ നിരാശയോടെ നാട്ടിലേക്ക്

അബുദാബി∙ സൗദി യാത്രാ വിലക്കു മേയ് 17ലേക്കു നീട്ടിയതോടെ യുഎഇയിൽ പ്രതീക്ഷയോടെ കാത്തിരുന്ന സൗദി വീസക്കാരായ മലയാളികൾ നിരാശയോടെ നാട്ടിലേക്കു മടങ്ങുന്നു. അതിർത്തി തുറക്കാൻ ഇനിയും 2 മാസത്തിലേറെ വരുമെന്നിരിക്കെ അതുവരെ ഇവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണു തിരിച്ചുപോകുന്നത്.

എന്നാൽ കാശുള്ളവർ ബഹ്റൈൻ, ഒമാൻ, നേപ്പാൾ വഴി സൗദിയിലേക്കു പോകുന്നുണ്ട്. ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി സൗദിയിലേക്കു പോകാൻ എത്തിയവരായിരുന്നു ഇവർ. ഗ്രീൻ പട്ടികയിലുള്ള രാജ്യക്കാർക്കു മാത്രമേ നിലവിൽ സൗദിയിലേക്കു പോകാനൊക്കൂ. ബഹ്റൈൻ വഴി ട്രാവൽ ഏജൻസികളുടെ പാക്കേജിൽ പോകുന്നവർക്ക് 15 ദിവസത്തെ വീസ, ടിക്കറ്റ് താമസം, ഭക്ഷണം ഉൾപ്പെടെ 60,000–75000 രൂപ വരെ ചെലവു വരും.

ബഹ്റൈനിൽ സുഹൃത്തുക്കളുടെ പക്കലോ മറ്റോ താമസിക്കാൻ സൗകര്യമുണ്ടെങ്കിൽ സ്വന്തം നിലയ്ക്കു ടിക്കറ്റെടുത്തു പോകുന്നവർക്ക് ഇത്ര തുക വരില്ല. ബഹ്റൈൻ കോസ് വേ വഴി സൗദിയിലേക്കു റോഡ് മാർഗം പോകുന്നതിനാൽ 4 പേർ ചേർന്നു ടാക്സിക്കു പോയാലും 100 റിയാലെ ഓരോരുത്തർക്കും വരൂ എന്നും ഇവിടെ എത്തിയ ദുബായ് ടു സൗദി ടീം വാട്സാപ് ഗ്രൂപ്പ് പ്രതിനിധി റഷീദ് പറഞ്ഞു. ബഹ്റൈനിലേക്കു ടിക്കറ്റ് എടുക്കുന്നതിനു മുൻപ് വീസ ഓൺ അറൈവൽ ലഭിക്കുമെന്നു ഉറപ്പാക്കണം. നേരത്തെ ഒമാൻ ‍വഴിയാണ് പലരും പോയിരുന്നതെങ്കിലും അവിടെ ക്വാറന്റീന് ഹോട്ടൽ താമസം നിർബന്ധമാക്കിയതിനാൽ പാക്കേജിന് ഒരു ലക്ഷത്തിലേറെ രൂപ ഈടാക്കാൻ തുടങ്ങി. ഇതോടെ ഒമാൻ വഴിയുള്ള മലയാളികളുടെ യാത്ര കുറഞ്ഞു.

ഒമാനിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്. ബദൽമാർഗം തേടിയുള്ള മലയാളികളുടെ അന്വേഷണത്തിൽ ചെലവു കുറഞ്ഞ മാർഗമായി പലരും നേപ്പാളിനെ തിരഞ്ഞെടുത്തു. സൗദിയിലേക്കു പോകാനായി ദുബായിൽനിന്ന് 237 മലയാളികൾ ഇങ്ങനെ നേപ്പാളിൽ എത്തിയിട്ടുണ്ട്. ഇവിടെ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്കു പോകും. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവയ്ക്കു ചെലവു കുറവാണെന്നതാണ് ആകർഷണം. ചിലർ മാലി വഴി സൗദിയിലേക്കു പോകുന്നതായും അറിയുന്നു. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ 14 ദിവസം വീതം ക്വാറന്റീനിൽ കഴിഞ്ഞ് ഇന്നലെ സൗദിയിലെത്തിയ എറണാകുളം സ്വദേശിക്ക് 3 തവണ സൗദിയിൽ പോയി വരുന്ന തുക ചെലവായി.

വിമാന യാത്ര, ഹോട്ടൽ താമസം, വീസ, ഭക്ഷണം, കോവിഡ് ടെസ്റ്റ് തുടങ്ങിയവയ്ക്കാണ് ഇത്രയും തുക മുടക്കേണ്ടി വന്നത്. അടിയന്തരമായി സൗദിയിൽ എത്തേണ്ടവർ മാത്രമേ ഈ മാർഗം തിരഞ്ഞെടുക്കാവൂ എന്നും അല്ലാത്തവർ സൗദി അതിർത്തി തുറക്കുന്നതുവരെ കാത്തിരിക്കുകയാണ് അഭികാമ്യമെന്നും ഇങ്ങനെ നേരത്തെ ജിദ്ദയിലെത്തിയ കണ്ണൂർ സ്വദേശി സാക്ഷ്യപ്പെടുത്തി.

കോവിഡ് ഇളവിൽ യുഎഇ സന്ദർശക വീസ മാർച്ച് 31 വരെ സൗജന്യമായി നീട്ടിയ പശ്ചാത്തലത്തിലാണു സൗദിയിലേക്കുളള ആയിരത്തോളം പേർ യുഎഇയിൽ തുടർന്നത്. വീസ കാലാവധി തീരാറായതിനാൽ ഇതിനു മുൻപ് നാടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ശേഷിച്ചവർ. നാട്ടിലേക്കു മടങ്ങുന്നവരിൽ നിർധനരായവർക്കു മാത്രം വിമാന ടിക്കറ്റ് തുക നൽകുമെന്ന് നേരത്തെ കോൺസുലേറ്റ് അറിയിച്ചിരുന്നു.

Share this story