ഒമാനിൽ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ക്ലബ് ഹൗസ്’ നിരോധിച്ചു

ഒമാനിൽ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ക്ലബ് ഹൗസ്’ നിരോധിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ‘ക്ലബ് ഹൗസ്’ നിരോധിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് ആപ്പിന് നിരോധനമേര്‍പ്പെടുത്തിയതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ഇതുപോലുള്ള ആശയവിനിമയ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കണമെന്നങ്കില്‍ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ക്ലബ് ഹൗസ് ഈ രീതിയിലുള്ള അനുമതികളൊന്നും രാജ്യത്ത് വാങ്ങിയിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഒമാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ നിഷേധമായാണ് നിരോധന നടപടിയെ പ്രതിഷേധക്കാര്‍ വിശേഷിപ്പിക്കുന്നത്. ‘ഒമാന്‍ ബ്ലോക്സ് ക്ലബ്ഹൗസ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ക്യാംപയിന്‍ ഇതിനെതിരെ ആരംഭിച്ചിട്ടുണ്ട്.

അമേരിക്കന്‍ കമ്പനിയുടെ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് ജി.സി.സി രാജ്യങ്ങളില്‍ വളരെ പെട്ടെന്ന് വന്‍ പ്രചാരണം നേടിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ നിരവധി ഉപയോക്താക്കള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഫെബ്രുവരിയില്‍ ഒരു കോടി കടന്നിരുന്നു. ജനുവരിയേക്കാള്‍ അഞ്ചിരട്ടി വര്‍ധനവായിരുന്നു ഇത്. രാഷ്ട്രീയം, ലിംഗസമത്വം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുടെ പ്രധാന ചര്‍ച്ചാ വേദിയായി ആപ്പ് മാറിയിരുന്നു.

Share this story