ഒമാനില്‍ ഏപ്രില്‍ 16 മുതല്‍ വാറ്റ് വരുന്നു; എന്തിനൊക്കെ നികുതി കൊടുക്കേണ്ടി വരും

ഒമാനില്‍ ഏപ്രില്‍ 16 മുതല്‍ വാറ്റ് വരുന്നു; എന്തിനൊക്കെ നികുതി കൊടുക്കേണ്ടി വരും

മസ്‌ക്കത്ത്: യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ ഏപ്രില്‍ 16 മുതല്‍ മൂല്യവര്‍ധിത നികുതി സംവിധാനം(വാറ്റ്) ഒമാനിലും നിലവില്‍ വരികയാണ്. ഭൂരിഭാഗം വസ്തുക്കള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 5 ശതമാനമാണ് വാറ്റ്. എന്നാല്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ട്. 400 ദശലക്ഷം ഒമാന്‍ റിയാല്‍ വാറ്റ് വഴി വരുമാനമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

94 ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ഇല്ല
പാല്‍, മാസം, മല്‍സ്യം, കോഴി, ഫ്രഷ് മുട്ട, പച്ചക്കറി, പഴങ്ങള്‍, ചായ, കാപ്പി, ഒലിവ് ഓയില്‍, പഞ്ചസാര, കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍, ബ്രഡ്, കുപ്പി വെള്ളം, ഉപ്പ് തുടങ്ങി 94 അവശ്യ വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയെയും വാറ്റ് പരിധിയില്‍ നിന്നൊഴിവാക്കിയതായി ഒമാന്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.

സീറോ റേറ്റഡ് ലിസ്റ്റ്
ചെലവിനത്തില്‍ നല്‍കിയിട്ടുള്ള വാറ്റ് തിരിച്ചുപിടിക്കുന്നതിന് സീറോ റേറ്റിങ് സംവിധാനം ബിസിനസുകാരെ സഹായിക്കുന്നു. സീറോ വാറ്റ് നിരക്കുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വാറ്റ് രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷ നല്‍കാവുന്നതാണ്.

മന്ത്രാലയ തീരുമാനപ്രകാരം വാറ്റില്‍ നിന്നൊഴിവായവ
-മരുന്നുകളും ചികില്‍സാ ഉപകരണങ്ങളും
-നിക്ഷേപ രൂപത്തിലുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
-അന്താരാഷ്ട്ര, ജിസിസി തല ട്രാന്‍സ്‌പോര്‍ട്ട്
-രക്ഷാ പ്രവര്‍ത്തനത്തിനുള്ള വിമാനം, കപ്പല്‍ തുടങ്ങിയവ
-അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം
-കയറ്റുമതി ഉല്‍പ്പന്നങ്ങളും സേവനങ്ങളും
-ജിസിസി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവ

മറ്റു വിഭാഗങ്ങള്‍
മുകളില്‍ പറഞ്ഞ പട്ടികയ്ക്കു പുറമേ മറ്റ് ചിലതും കൂടി വാറ്റില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക സേവനങ്ങള്‍, പ്രതിരോധ വൈദ്യസേവനങ്ങളുടെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും വിതരണം, വിദ്യാഭ്യാസ സേവനങ്ങളുടെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും വിതരണം, താമസ കെട്ടിടങ്ങളുടെ റീസെയില്‍, നയതന്ത്ര സ്ഥാപനങ്ങള്‍, സൈനിക സേവനങ്ങള്‍ക്കുള്ള വസ്തുക്കളും സേവനങ്ങളും, വിദേശത്തു നിന്നുള്ള യാത്രക്കാര്‍ ഒമാനിലേക്കു വരുമ്പോള്‍ സ്വന്തം ലഗേജില്‍ കൊണ്ടുവരുന്ന വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും, ജീവകാരുണ്യ സൊസൈറ്റികള്‍ക്കു വേണ്ടിയുള്ളവ

Share this story