റിയാദ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം

റിയാദ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം

റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന പെട്രോളിയം റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം. ഇന്ന് രാവിലെ 6.05 ന് ആണ് റിഫൈനറിയിൽ ഡ്രോൺ ആക്രമണമുണ്ടായതെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഏതാനും ഡ്രോണുകൾ ഉപയോഗിച്ചാണ് റിഫൈനറിയിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ റിഫൈനറിയിൽ അഗ്നിബാധയുണ്ടായി. ഇത് വൈകാതെ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. പെട്രോൾ, ഇന്ധന വിതരണത്തെയും ആക്രമണം ബാധിച്ചിട്ടില്ല.

ഭീരുത്വമാർന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തിയായി അപലപിക്കുന്നതായി ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം ഭീകര, നശീകരണ പ്രവർത്തനങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല, മറിച്ച് ലോകത്ത് ഊർജ വിതരണ സുരക്ഷയെയും സ്ഥിരിതയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയുമാണ് ലക്ഷ്യമിടുന്നത്. സൗദിയിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നു. ഇതിനു മുമ്പ് ഏറ്റവുമൊടുവിൽ റാസ് തന്നൂറ റിഫൈനറിയും ദഹ്‌റാനിൽ സൗദി അറാംകാ റെസിഡൻഷ്യൽ ഡിസ്ട്രിക്ടും ലക്ഷ്യമിട്ടും ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു. ഇത്തരം ഭീകര, നശീകരണ ആക്രമണങ്ങൾക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും നിലയുറപ്പിക്കണമെന്നും ആക്രമണങ്ങൾ നടത്തുന്നവരെയും അവയെ പിന്തുണക്കുന്നവരെയും ചെറുക്കണമെന്നും ഊർജ മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

Share this story