ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍

ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍

ജിദ്ദ: മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം സൗദി ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. സൗദി അറേബ്യയിലേക്ക് വരുന്നതിന് ഒരാഴ്ച്ച മുമ്പ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളില്‍ ഒന്നായിരിക്കണം എടുക്കേണ്ടത്. 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുമുണ്ടാവും.

നാഷനല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടിയുള്ള കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ദുല്‍ഹജ്ജിന് 1ന് മുമ്പ് തന്നെ മക്കയിലും മദീനയിലുമുള്ള ജനങ്ങളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഹജ്ജിന് വേണ്ടി നിയോഗിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കും. ആഭ്യന്തര തീര്‍ത്ഥാടകര്‍ മുഴുവന്‍ ദുല്‍ഹജ്ജ് 1ന് മുമ്പ് തന്നെ സൗദി അറേബ്യയില്‍ അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം.

മുഴുവന്‍ തീര്‍ഥാടകരും 72 മണിക്കൂര്‍ ക്വാറന്റീന് വിധേയമാകണമെന്നതാണ് മറ്റൊരു നിബന്ധന. ഇതിനിടയില്‍ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും. തീര്‍ത്ഥാടകരും ജീവനക്കാരും മാസ്‌ക്ക് ധരിക്കണം. താമസ സ്ഥലത്തും ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലും ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. തീര്‍ത്ഥാടകര്‍ക്കുള്ള പ്രായം 18നും 60നും ഇടയിലാക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Share this story