വിമാനം കാത്തിരുന്ന് മുഷിയണ്ട; ഇ-ബുക്കുമായി ഷാര്‍ജ വിമാനത്താവളം

വിമാനം കാത്തിരുന്ന് മുഷിയണ്ട; ഇ-ബുക്കുമായി ഷാര്‍ജ വിമാനത്താവളം

ഷാര്‍ജ: വിമാന യാത്രക്കിടയിലെ കാത്തിരിപ്പില്‍ വായിക്കാന്‍ പുസ്തകങ്ങളുമായി ഷാര്‍ജ വിമാനത്താവളം. ഏപ്രില്‍ മുതല്‍ വിമാനം കയറാന്‍ കാത്തിരിക്കുമ്പോള്‍ ഇ-ബുക്ക് നെറ്റ്‌വര്‍ക് വഴി വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളാണ് വിരല്‍തുമ്പിലെത്തുക. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ പുസ്തകങ്ങളാണ് നല്‍കുന്നത്. മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഏപ്രിലിലും കുട്ടികള്‍ക്ക് 2021 അവസാന പാദത്തിലും ഇ- ബുക്ക് സേവനം ലഭ്യമാകും.

യാത്രക്കാര്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. പുസ്തകങ്ങള്‍ ബ്രൗസ് ചെയ്യുന്നതിനും ഡൗണ്‍ലോഡുചെയ്യുന്നതിനും ഡേറ്റ പ്ലാനും ആവശ്യമില്ല. ഷാര്‍ജ വിമാനത്താവളത്തിലെ സൗജന്യ വൈഫൈ വഴി ഇ- ബുക്ക് സേവനത്തിലേക്കും നേരിട്ട് ലോഗിന്‍ ചെയ്യാം. ഇതിലൂടെ 21 ദിവസത്തേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഫിക്ഷന്‍, കവിത, ചരിത്രം, ശാസ്ത്രം, കല എന്നിവ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു. സേവനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കും.

ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ (എസ്.ബി.എ) അഫിലിയേറ്റായ ഷാര്‍ജ പബ്ലിക് ലൈബ്രറിയും (എസ്.പി.എല്‍) ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള പങ്കാളിത്തത്തിലാണ് യാത്രക്കാര്‍ക്കായി ഈ സൗകര്യം ഒരുക്കുന്നത്. കര്‍ശനമായ കോവിഡ് സുരക്ഷ പ്രോട്ടോകോളുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ യാത്രക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട പുസ്തകം തിരഞ്ഞെടുക്കാനും വായിക്കാനും ടാബുകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ഥലങ്ങള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്.

Share this story