ഇമറാത്തി സാംസ്കാരത്തിന്റെ ഉത്സവമായ ഷാർജ ഹെറിറ്റേജ് ഡേ ഇന്നുമുതൽ

ഇമറാത്തി സാംസ്കാരത്തിന്റെ ഉത്സവമായ ഷാർജ ഹെറിറ്റേജ് ഡേ ഇന്നുമുതൽ

ദുബായ്: ഇമറാത്തി സംസ്കാരത്തിന്റെ ആഘോഷമായ ഷാർജ ഹെറിറ്റേജ് ഡേയ്സിന് ഇന്ന് ഖോർഫക്കാനിൽ തുടക്കമാകും. ഏപ്രിൽ മൂന്നുവരെയാണ് ഉത്സവമേളം. ഷാർജയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് യുഎഇയുടെ സംസ്കാരവും ആചാരങ്ങളുമെല്ലാം നേരിട്ടു കണ്ടു മനസ്സിലാക്കാൻ പരിപാടി സഹായിക്കും.

ഇതിന്റെ ഭാഗമായി കലാപരിപാടികളും ശിൽപശാലകളും സെമിനാറുകളും നടക്കും. നാടൻ കലാപരിപാടികൾ, കരകൗശല വസ്തു നിർമാണം, കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ എന്നിവയ്ക്കു പുറമേ ഭക്ഷ്യമേളയുമുണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇമറാത്തി ദേശീയത പ്രതിഫലിക്കുന്ന കരകൗശല വസ്തുപ്രദർശനം എന്നിവയെല്ലാം വിസ്മയമാകും.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് (എസ്ഐഎച്ച്) ആണ് സംഘാടകർ. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ ഉൾപ്പെടെ സാംസ്കാരികതയുടെ ആഘോഷമായി ഉച്ചകോടിയും നടത്തും.

യുഎഇയുടെ ആദ്യകാല ജീവനോപാധിയും ഇമറാത്തി ജീവിതങ്ങളുടെ അവിഭാജ്യ ഘടകവുമായിരുന്ന മുത്തുവാരൽ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് തുടക്കത്തിൽ നടത്തുക. സംസ്കാരികത്തനിമ വിളിച്ചോതുന്ന നാടൻ പാട്ടുകളും നൃത്തവും അവതരിപ്പിക്കുന്നതിന് പുറമെ അൽ മവ് റൂത്ത് ലൈബ്രറിയിൽ പ്രദർശനവും നടക്കും.

Share this story