ദമാമിലെ കിംഗ് അബ്ദുൽ അസീസ്  തുറമുഖത്ത് സൗദിവൽക്കരണം 

ദമാമിലെ കിംഗ് അബ്ദുൽ അസീസ്  തുറമുഖത്ത് സൗദിവൽക്കരണം 

ദമാം: ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി പോർട്‌സ് അതോറിറ്റിയും തുടക്കം കുറിച്ചു. രാജ്യത്തെ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ദമാം തുറമുഖത്തെ മൂന്നു കമ്പനികളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചത്.

സൗദി ഗ്ലോബൽ പോർട്‌സ് കമ്പനി, അൽസാമിൽ ഓഫ്‌ഷോർ സർവീസസ് കമ്പനി, സൗദി ഡെവലപ്‌മെന്റ് ആന്റ് എക്‌സ്‌പോർട്ട് സർവീസ് കമ്പനി എന്നിവയിലാണ് സൗദിവൽക്കരണം നടപ്പാക്കുന്നത്. ഈ കമ്പനികൾക്കു കീഴിലെ 39 തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാനാണ് തീരുമാനം. കരാർ കാലയളവിൽ മൂന്നു കമ്പനികളിലെയും 900 ലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മൂന്നു കമ്പനികളിലും പിന്നീട് ക്രമാനുഗതമായി സൗദിവൽക്കരണം ഉയർത്തുകയും ചെയ്യും. സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി കമ്പനികളിൽ നിയമിക്കുന്ന സ്വദേശി ജീവനക്കാരുടെ വേതന വിഹിതവും സൗദികൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള ചെലവും മാനവശേഷി നിധി വഹിക്കും.

തുറമുഖ മേഖലയിലും തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലും സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സൗദി പോർട്‌സ് അതോറിറ്റി താൽപര്യത്തിന് അനുസൃതമായി, ബിസിനസ് തുടർച്ച ഉറപ്പുവരുത്തുന്നതിന് രാജ്യത്തെ തുറമുഖങ്ങളിൽ വിതരണ ശൃംഖലകളുമായി ബന്ധപ്പെട്ട പ്രധാന ജോലികളിൽ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകാനും യോഗ്യത നേടാനും സൗദിവൽക്കരണ പദ്ധതി സഹായിക്കും. സൗദി തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സൗദിവൽക്കരണം നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി പോർട്‌സ് അതോറിറ്റിയും ലക്ഷ്യമിടുന്നു.

Share this story