പ്രവാസി അധ്യാപകരെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്

പ്രവാസി അധ്യാപകരെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസി അധ്യാപകരെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. ചരിത്ര വിഭാഗത്തിലേക്കുള്ള പ്രവാസി അധ്യാപകര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സിവില്‍ സര്‍വീസ് കമ്മീഷനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.

സ്വദേശികളായ അധ്യാപകര്‍ ഈ തസ്തികകളില്‍ ഉള്ളതിനാലാണ് വിദേശികളെ നിയമിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചരിത്ര വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ള കുവൈത്ത് ഇതര അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം അയച്ച കത്തിന് മറുപടിയായാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. സ്വദേശികളായ നിരവധി ചരിത്ര അധ്യാപകരാണ് ജോലിക്കായി കാത്തിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അപേക്ഷയെ എതിര്‍ത്തുകൊണ്ട് കമ്മീഷന്‍ പ്രതികരിച്ചു.

കുവൈത്തിലെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 90 ശതമാനത്തിലധികം ജോലികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നത് കമ്മിഷന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ക്ക് സ്വദേശിവത്കരണ ബാധകമല്ലായിരുന്നു. ഈ രണ്ട് മേഖലകളിലും വിദേശികള്‍ക്ക് ചില വിഭാഗങ്ങളില്‍ മാത്രമാണ് ജോലിക്കായി അനുമതിയുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Share this story