മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾ  തമ്മിലെ അന്തരം രണ്ടു മണിക്കൂർ

മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾ  തമ്മിലെ അന്തരം രണ്ടു മണിക്കൂർ

റിയാദ്: വിശുദ്ധ റമദാനിൽ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾക്കിടയിലെ അന്തരം രണ്ടു മണിക്കൂറാണെന്നും ഇക്കാര്യം ശക്തമായി പാലിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലൂടെ രാജ്യത്തെ മസ്ജിദുകളിലെ ഇമാമുമാരോടും മുഅദ്ദിനുകളോടും ആവശ്യപ്പെട്ടു. സുബ്ഹി ഒഴികെയുള്ള മറ്റു നമസ്‌കാരങ്ങളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം പത്തു മിനിറ്റായി നിശ്ചയിച്ചിട്ടുണ്ട്. സുബ്ഹി നമസ്‌കാരത്തിനും ഇഖാമത്തിനും ഇടയിലെ സമയം 20 മിനിറ്റ് ആണ്.

രാജ്യത്തെ മുഴുവൻ മസ്ജിദുകളിലും ഇശാ, തറാവീഹ്, ഖിയാമുല്ലൈൽ (പാതിരാ നമസ്‌കാരം) നമസ്‌കാരങ്ങൾ ഒരുമിച്ച് നിർവഹിക്കാൻ ഇസ്‌ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് പഠിക്കുന്ന പ്രത്യേക കമ്മിറ്റി ഇശാ, തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങൾ ഒരുമിച്ച് നിർവഹിക്കാനും ഇശാ, തറാവീഹ് നമസ്‌കാരങ്ങളുടെ ദൈർഘ്യം 30 മിനിറ്റിൽ കവിയരുതെന്നും നിർദേശിച്ചിരുന്നു. മസ്ജിദുകളിൽ വിശ്വാസികളുടെ സാന്നിധ്യം കുറയ്ക്കാനും ഇതിലൂടെ രോഗവ്യാപന സാധ്യത കുറക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം കമ്മിറ്റി സമർപ്പിച്ചത്. റമദാനിൽ കൂടുതൽ സമയം വേണ്ടിവരുന്ന ഇശാ, തറാവീഹ് നമസ്‌കാരങ്ങൾക്കിടെ കൊറോണ വ്യാപനത്തിന് സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ രോഗബാധാ നിരക്കുകൾ ഉയരാതെ നോക്കുന്നതിന് മസ്ജിദുകളിലും ജുമാ മസ്ജിദുകളിലും കൂടുതൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇശാ, തറാവീഹ്, ഖിയാമുല്ലൈൽ നമസ്‌കാരങ്ങൾ ഒരുമിച്ചു നിർവഹിക്കണമെന്നും ഇവയുടെ ആകെ ദൈർഘ്യം 30 മിനിറ്റിൽ കവിയരുതെന്നും ആവശ്യപ്പെട്ട് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സർക്കുലർ പുറത്തിറക്കിയത്.

Share this story