കിംഗ് ഫഹദ് കോസ്‌വേയില്‍ വിദേശികള്‍ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കാണിച്ചാല്‍ മതി; കോസ്‌വേ അതോറിറ്റി

കിംഗ് ഫഹദ് കോസ്‌വേയില്‍ വിദേശികള്‍ പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് കാണിച്ചാല്‍ മതി; കോസ്‌വേ അതോറിറ്റി

റിയാദ്: തിങ്കളാഴ്ച മുതല്‍ ബഹ്‌റൈനില്‍ നിന്നെത്തുന്ന വിദേശികള്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റ് കിംഗ് ഫഹദ് കോസ് വേയില്‍ കാണിച്ചാല്‍ മതിയെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. എന്നാല്‍ സൗദി പൗരന്മാര്‍ക്ക് പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. സൗദിയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറക്കുന്നതോടനുബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും അതോറിറ്റി വ്യക്തമാക്കി

അതേസമയം ഈ മാസം 20 (വ്യാഴം) മുതല്‍ സൗദി അറേബ്യയിലെത്തുന്ന വിദേശികള്‍ അവരെത്തുന്ന നഗരങ്ങളില്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഫൈസര്‍, കോവിഷീല്‍ഡ്, മോഡോര്‍ണ രണ്ട് ഡോസ്, ജോണ്‍സന്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ക്വാറന്റൈന്‍ ആവശ്യമില്ല. കരാതിര്‍ത്തി വഴിയെത്തുന്നവരില്‍ സൗദികള്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, ഗാര്‍ഹിക ജോലിക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍, ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള ആരോഗ്യപ്രവര്‍ത്തകര്‍, വാക്‌സിനെടുത്തവര്‍ എന്നിവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അവര്‍ വീടുകളില്‍ ക്വാറന്റൈനിലായാല്‍ മതി. അല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കരാതിര്‍ത്തിവഴിയെത്തുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളെ കുറിച്ച് വിശദ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. നിലവില്‍ എയര്‍പോര്‍ട്ട് വഴിയെത്തുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.

Share this story