കടകളിൽ ഉപഭോക്താക്കൾ നിശ്ചിത പരിധിയിൽ കവിഞ്ഞാൽ ഓരോരുത്തർക്കും 5000 റിയാൽ പിഴ

കടകളിൽ ഉപഭോക്താക്കൾ നിശ്ചിത പരിധിയിൽ കവിഞ്ഞാൽ ഓരോരുത്തർക്കും 5000 റിയാൽ പിഴ

റിയാദ്: കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 834 വ്യാപാര സ്ഥാപനങ്ങൾക്ക് വാണിജ്യ മന്ത്രാലയം തൽക്ഷണം പിഴകൾ ചുമത്തി.

കഴിഞ്ഞയാഴ്ച വിവിധ പ്രവിശ്യകളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ നടത്തിയ പരിശോധനകളിലാണ് 834 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഒരാഴ്ചക്കിടെ 25,375 വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയ സംഘങ്ങൾ പരിശോധനകൾ നടത്തി.

മാസ്‌കുകൾ ധരിക്കാത്തവർക്ക് പ്രവേശനം നൽകൽ, സാമൂഹിക അകലം പാലിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കാതിരിക്കൽ, അണുനശീകരണികൾ ലഭ്യമാക്കാതിരിക്കൽ, ഷോപ്പിംഗ് മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും പ്രവേശന കവാടങ്ങളിൽ വെച്ച് ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീര ഊഷ്മാവ് പരിശോധിക്കാതിരിക്കൽ, ഓരോ തവണ ഉപയോഗിച്ച ശേഷവും ഷോപ്പിംഗ് ട്രോളികളും ബാസ്‌കറ്റുകളും അണുവിമുക്തമാക്കാതിരിക്കൽ, ഉപരിതലങ്ങളും അനുബന്ധ സൗകര്യങ്ങളും പതിവായി അണുവിമുക്തമാക്കാതിരിക്കൽ, നിശ്ചിത പരിധിയിൽ കൂടുതൽ ഉപയോക്താക്കൾക്ക് പ്രവേശനം നൽകൽ എന്നീ നിയമ ലംഘനങ്ങളാണ് വ്യാപാര സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.

മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ തോതിൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇരട്ടി തുക പിഴ ചുമത്തി അടപ്പിക്കും. മുൻകരുതൽ, പ്രതിരോധ നടപടികൾ പ്രകാരം നിശ്ചിത പരിധിയിൽ കൂടുതൽ ഉപയോക്താക്കളും ജീവനക്കാരും സ്ഥാപനങ്ങൾക്കകത്തും പുറത്തും കൂട്ടംചേരുന്ന പക്ഷം പരിധിയിൽ കൂടുതലുള്ള ഓരോരുത്തർക്കും 5,000 റിയാൽ തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും.

Share this story