പി.സി.ആർ പരിശോധനാ റിപ്പോർട്ടിൽ കൃത്രിമം: റിയാദിൽ സ്വകാര്യ ലാബ് അടപ്പിച്ചു

പി.സി.ആർ പരിശോധനാ റിപ്പോർട്ടിൽ കൃത്രിമം: റിയാദിൽ സ്വകാര്യ ലാബ് അടപ്പിച്ചു

റിയാദ്: വിദേശ യാത്ര നടത്തുന്നവർക്ക് പി.സി.ആർ പരിശോധന നടത്താൻ അംഗീകാരമുള്ള സ്വകാര്യ ലാബ് പരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിച്ചതിന് ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാതെ പരിശോധനക്ക് സാമ്പിളുകൾ ശേഖരിച്ച ശേഷം സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കാതെ തന്നെ റിയാദിൽ പ്രവർത്തിക്കുന്ന ലാബ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതായി ആരോഗ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

മറ്റു മെഡിക്കൽ സ്ഥാപനങ്ങൾ ശേഖരിച്ച് ലാബിലേക്ക് അയച്ച സാമ്പിളുകൾ ആരോഗ്യ മന്ത്രാലയം പിടിച്ചെടുത്തിട്ടും ഇത് അറിയാതെ കംപ്യൂട്ടർ സിസ്റ്റത്തിൽ നൽകിയ വിവരങ്ങൾ പ്രകാരം ആ സാമ്പിളുകളുടെ പേരിൽ ലാബിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി കണ്ടെത്തി. പകർച്ചവ്യാധി വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കുന്ന കാര്യത്തിൽ ലാബിന്റെ ഭാഗത്ത് വീഴ്ചകളുള്ളതായും പരിശോധനയിൽ വ്യക്തമായി.

നിരവധി മെഡിക്കൽ സ്ഥാപനങ്ങളുമായി ലാബ് കരാറുകൾ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ ശേഷിയിൽ കൂടുതൽ സാമ്പിളുകൾ ദിവസേന ലാബിൽ എത്തിയിരുന്നു. മറ്റു നിയമ ലംഘനങ്ങളും ലാബിൽ കണ്ടെത്തി. ഇതേ തുടർന്നാണ് താൽക്കാലികമായി ലാബ് അടപ്പിച്ചത്. ലാബിന്റെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട കമ്മിറ്റികൾ അന്തിമ ശിക്ഷകൾ പ്രഖ്യാപിക്കും. പിഴ, ലൈസൻസ് പിൻവലിക്കൽ, സ്ഥാപനം അടപ്പിക്കൽ അടക്കമുള്ള ശിക്ഷകൾ ലാബിന് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Share this story