കുവൈത്തിലെ കൊടുംചൂട്‌ വലിയ പ്രത്യാഘാതം ഉണ്ടാക്കും; വിദഗ്ധരുടെ മുന്നറിയിപ്പ്

കുവൈത്തിലെ കൊടുംചൂട്‌ വലിയ പ്രത്യാഘാതം ഉണ്ടാക്കും; വിദഗ്ധരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് അനുദിനം വർദ്ധിച്ചു വരുന്ന താപനില, സമീപ ഭാവിയിൽ ഗുരുതരമായ പാരിസ്ഥിക പ്രത്യാഘാതങ്ങൾക്കും ജന ജീവിതം ദുസ്സഹമാകുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ്‌.. വൈദ്യുതിയുടെ ഉപയോഗം കുതിച്ചുയരുകയും ചെയ്യുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ബദൽ ഊർജ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ അനിവാര്യമാണെന്നുമാണ് അവരുടെ അഭിപ്രായം.സമീപ വർഷങ്ങളിൽ കുവൈത്തിലെ തണൽ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.2050 ഓടെ ഇത് 3 ഡിഗ്രി വരെ ഉയരുകയും, അത്‌ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക്‌ കാരണമാകുകയും ചെയ്യും.താപനിലയിൽ വർഷങ്ങളായി വർധന അനുഭവപ്പെട്ടുവരികയാ‍ണെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ അൽ റമദാൻ പറഞ്ഞു. 1960കളിലും `70കളിലും താപനില 50ഡിഗ്രി സെൽ‌ഷ്യസിൽ എത്തുക എന്നത് അപൂർവമായിരുന്നു. അതിന് ശേഷമാണ് വലിയ വർധന പ്രകടമായിത്തുടങ്ങിയത്.

2016ൽ സാൽഹിയ മേഖലയിലെ മരുഭൂമിയിൽ 54ഡിഗ്രി സെൽ‌ഷ്യസ് താപനില രേഖപ്പെടുത്തിയ ദിവസം വരെയുണ്ട്. ഭാവിയിൽ കുവൈത്തിൽ അനുഭവിക്കാനിടയുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശാസ്ത്ര-ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ താപനില വർധനയെക്കുറിച്ച് സൂചനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2030നും 2050നുമിടയിൽ താപനിലയിൽ 3ഡിഗ്രി സെൽ‌ഷ്യസ് വരെ വർധയുണ്ടാകുമെന്നാണ് സൂചന. 2071നും 2090നുമിടയിൽ 2.8 മുതൽ 5.4ഡിഗ്രി സെൽ‌ഷ്യസ് വരെ വർധനയും അദ്ദേഹം പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി ആയപ്പോൾ വൈദ്യുതി ഉപയോഗത്തിൽ സർവകാ‍ല റെക്കോർഡ് രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ജൂൺ മാസത്തിൽ താപനില 50 ഡിഗ്രിയിൽ എത്തുക എന്നതും പതിവില്ലാത്ത പ്രവണതയാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വെളിപ്പെടുത്തൽ. കൊടുംചൂടിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക വേനലിൽ മാത്രം ആകില്ല എന്നതാണ് മറ്റൊരു കാര്യം.

സീസണിൽ ലഭിക്കേണ്ട മഴയുടെ അഭാവത്തിൽ ശൈത്യകാലവും വരണ്ട അവസ്ഥയിലാകും. താപനില കൂടുന്നതിനനുസരിച്ച് വർധിക്കുന്ന വൈദ്യുതി ഉപയോഗത്തിൽ അധിക പങ്കും എയർകണ്ടീഷണറുകളുടെ ഉപയോഗം വഴിയാണ്. 70% വൈദ്യുതി ഉപയോഗവും എയർകണ്ടീഷണറുകൾക്ക് വേണ്ടിയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഉപയോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉൽപാദനവും കൂട്ടണം.

അതിനാവശ്യമായ എണ്ണ ഉൾപ്പെടെയുള്ളവയുടെ ഉപയോഗത്തിനായി വൻ‌തുകയും നീക്കിവയ്ക്കണം. പരമ്പരാഗത വൈദ്യുതി ഉൽപാദനം ചെലവേറിയതാണ് എന്നതിനാൽ സമ്പദ്ഘടനയെ സാരമായി ബാധിക്കുന്നതാകും താപനില വർധിക്കുന്നത് വഴിയുള്ള സാഹചര്യങ്ങൾ. സോളർ,കാറ്റ് എന്നിവ ഉപയോഗിച്ചുള്ള ബദൽ വൈദ്യുതി ഉൽപാദനം കാര്യക്ഷമമാക്കുക എന്നതാണ് പരിഹാരമാർഗം. താപനില ഒരു ഡിഗ്രി വർധിക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിൽ 800 മുതൽ 1000 മെഗാവാട്ട് വരെ വർധനയുണ്ടാകുന്നുവെന്നാണ് കുവൈത്തിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽനിന്ന് വമിക്കുന്ന പുക തൊട്ട് ഒട്ടേറെ കാരണങ്ങൾ താപനില വർധിക്കുന്നതിന് പിന്നിലുണ്ട്.

പ്രകൃതിയെ ഹരിതാഭമാക്കുക എന്നതാണ് പ്രതിരോധ വഴി. പച്ചപ്പ് വ്യാപകമാക്കിയാൽ രാജ്യത്ത് വർധിക്കാനിടയുള്ള താപനിലയിലും കാര്യമായ മാറ്റം കണക്കാക്കുന്നുണ്ട് അദ്ദേഹം. അങ്ങനെയെങ്കിൽ 2080 വരെ അനുഭവപ്പെടുന്ന അധിക താപനില 1.8 മുതൽ 2.4ഡിഗ്രി സെൽ‌ഷ്യസും 2100 വരെ 3.6ഡിഗ്രി സെൽ‌ഷ്യസുമായിരിക്കുമെന്നും റമദാൻ പറഞ്ഞു. കൃഷിവ്യാപനത്തിലൂടെ വിവിധ മേഖലകളിൽ ഗ്രീൻ‌ബെൽറ്റ് ഒരുക്കുക എന്നതും താപനില നിയന്ത്രണത്തിന് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻ‌ബെൽറ്റ് മേഖലയിലും ചുറ്റുമായി താപനിലയിൽ 3 മുതൽ 7ഡിഗ്രി സെൽ‌ഷ്യസ് വരെ താപനിലയിൽ കുറവ് വരുത്താൻ കഴിയും. അതിന്റെ പ്രതിഫലനം രാജ്യത്തുടനീളം താപനിലയിൽ അനുഭവപ്പെടും. ഈസ അൽ റമദാൻ പറഞ്ഞു.

Share this story