വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപതിയിലെ നഴ്സുമാര്‍ ആയിരുന്നു.

ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം നടന്നത്. നജ്‌റാനില്‍ നിന്നും 100 കി.മീ അകലെ യദുമക്കടുത്ത് വെച്ചാണ് അപകടം നടന്നത്. അപകട സ്ഥലത്ത് തന്നെ രണ്ടുപേരും മരണപ്പെട്ടു. പ്രതിഭ സാംസ്‌കാരിക വേദി നജ്‌റാന്‍ കേന്ദ്ര കമ്മിറ്റി റിലീഫ് കണ്‍വീനറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ മെമ്പറുമായ അനില്‍ രാമചന്ദ്രന്‍, പ്രതിഭ ഖലാദിയ യൂണിറ്റ് മെമ്പറും, ജിദ്ദ ഇന്ത്യന്‍ കോണ്‍സിലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ മെമ്പറുമായ അബ്ദുള്‍ ഗഫൂര്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം കോണ്‍സുല്‍ ഡോക്ടര്‍ ആലീം ശര്‍മ, കോണ്‍സുലേറ്റ് ട്രാന്‍സുലേറ്റര്‍ ആസിം അന്‍സാരി എന്നിവരുടെ കൂട്ടായ ശ്രമഫലമാണ് നജ്‌റാന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും പെട്ടന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാന്‍ സാധിച്ചത്.

കുടുംബാംഗങ്ങളും, ജിദ്ദ കോണ്‍സുലേറ്റും (കോണ്‍സുല്‍ ജനറല്‍ നേരിട്ട് ) ആവശ്യപ്പെട്ടതനുസരിച്ച് അനില്‍ രാമചന്ദ്രന്റെ പേരില്‍ പവര്‍ ഓഫ് ആറ്റോര്‍ണി വരികയും നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ താര്‍ ട്രാഫിക് പോലീസ് മേധാവി, നജ്‌റാന്‍ ഗവര്‍ണറേറ്റ് ഉദ്യോഗസ്ഥര്‍, കിംഗ് ഖാലിദ് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥര്‍, നജ്‌റാന്‍ റീജിയന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് സൗദി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും സഹായവും ഉണ്ടായിരുന്നു.

നോര്‍ക്ക ഡയറക്ടര്‍, സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി നിരന്തരം വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടായിരുന്നു. നോര്‍ക്ക അംബുലന്‍സ് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് ആണ് മൃതദേഹങ്ങള്‍ അയച്ചിട്ടുള്ളത്. സഹായിച്ച എല്ലാവരോടും പ്രതിഭ കേന്ദ്ര കമ്മിറ്റി നന്ദി അറിയിച്ചു. ഷിന്‍സി ഫിലിപ്പിന്റെയും അശ്വതി വിജയന്റെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ നജ്‌റാന്‍ പ്രതിഭയും പങ്കുചേര്‍ന്നു.

Share this story