മികച്ച അവസരം; ദുബായിൽ സംരംഭം തുടങ്ങാൻ ഇനി 30% നടപടികൾ മാത്രം

മികച്ച അവസരം; ദുബായിൽ സംരംഭം തുടങ്ങാൻ ഇനി 30% നടപടികൾ മാത്രം

ദുബായ്: പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ മൂന്നിലൊന്നായി വെട്ടിച്ചുരുക്കി ദുബായ്. വിവിധ മേഖലകളിലെ സംരംഭങ്ങൾക്ക് ഇനി 30% നടപടികൾ മാത്രം. ഫീസിനങ്ങളിലും മറ്റും വേണ്ടിവരുന്ന വലിയൊരു ശതമാനം തുക ഇതോടെ ഒഴിവാകും. 3 മാസത്തിനകം ഇതു നിലവിൽ വരും. ബാധ്യതകൾ കുറച്ചും നടപടികൾ ലഘൂകരിച്ചും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികളുടെ ഭാഗമായാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രഖ്യാപനം.

നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയ്ക്ക് എല്ലാ പിന്തുണയും നൽകും. നിക്ഷേപാനുകൂല സാഹചര്യമൊരുക്കി ലോകത്തിലെ ഏറ്റവും മികച്ച വാണിജ്യ-വ്യവസായ നഗരമാക്കി ദുബായിയെ മാറ്റും. ഫെബ്രുവരിയിൽ ആരംഭിച്ച ഇൻവെസ്റ്റ് ഇൻ ദുബായ് പദ്ധതിയുടെ തുടർച്ചയാണിത്. നിക്ഷേപർക്ക് ഏതാനും നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി ട്രേഡ് ലൈസൻസ് ലഭ്യമാക്കുന്നു. ഓഫിസുകളിൽ കയറിയിറങ്ങാതെ കേന്ദ്രീകൃത പോർട്ടലിൽ ലളിതമായി നടപടികൾ പൂർത്തിയാക്കാം. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.വിവിധ മേഖലകൾക്ക് ഇളവുകൾ നൽകാൻ 5 ഘട്ടങ്ങളിലായി 710 കോടി ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 5ാം ഘട്ടത്തിൽ 31.5 കോടിയാണു പ്രഖ്യാപിച്ചത്.

ബീച്ചുകളില്ലാത്ത ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ചുമത്തിയ സെയിൽസ് ഫീസ്, ടൂറിസം ദിർഹം ഫീ എന്നിവയുടെ പകുതി മടക്കിനൽകാൻ തീരുമാനിച്ചിരുന്നു. എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

മികച്ച അവസരങ്ങൾ

പുതിയ സംരംഭകർക്ക് ഏറ്റവും മികച്ച അവസരങ്ങളൊരുക്കുമെന്ന് ഷെയ്ഖ് ഹംദാൻ. വെല്ലുവിളികൾ അതിജീവിച്ചു വിവിധ മേഖലകൾ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കുകയാണ്. പുതിയ പദ്ധതികൾ കൂടുതൽ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നും വ്യക്തമാക്കി.

ലക്ഷ്യം വിദേശ നിക്ഷേപകർ

ഇൻവെസ്റ്റ് ഇൻ ദുബായിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരാണെന്ന് അടുത്തിടെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഫ്രീസോണിലടക്കം 2,000ൽ ഏറെ അവസരങ്ങളാണുള്ളത്. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയ്ക്കു മുൻപ് കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിടുന്നു.

ഏകീകൃത പോർട്ടൽ; വിവരങ്ങൾ വിരൽത്തുമ്പിൽ

∙ വിവിധ സംരംഭങ്ങൾക്കു മാത്രമായുള്ള പോർട്ടൽ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കുന്നു.

∙ ഏകീകൃത സംവിധാനത്തിലൂടെ കൊമേഴ്സ്യൽ ലൈസൻസ്, ഇതര അനുമതിപത്രങ്ങൾ എന്നിവ ലഭ്യമാകും.

∙ ഓരോ ലൈസൻസിനുമൊപ്പം ആകർഷ പാക്കേജുകൾ.

∙ ബാങ്ക്, വീസ സേവനങ്ങൾക്കും മറ്റുമുള്ള മാർഗനിർദേശങ്ങൾ.

∙ ഓരോ മേഖലയിലെയും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ദുബായ് ബിസിനസ് മാപ്പിലൂടെ അറിയാൻ സൌകര്യം.

∙ ഫ്രീസോണിലെ പുതിയ അവസരങ്ങൾ, സാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ.

Share this story