ഒമാനിൽ നിയന്ത്രണങ്ങളിൽ ഇളവ്; ചർച്ചുകളും ക്ഷേത്രങ്ങളും തുറക്കും 

ഒമാനിൽ നിയന്ത്രണങ്ങളിൽ ഇളവ്; ചർച്ചുകളും ക്ഷേത്രങ്ങളും തുറക്കും 

മസ്‌കത്ത്: ഒമാനിൽ ലോക് ഡൗണിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും തുറക്കും. മസ്ജിദുകൾ നേരത്തെ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. ദാർസൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‌കത്തിലെ ശിവക്ഷേത്രവും ഇന്നലെ മുതൽ ആരാധനക്കായി തുറന്നു. ദാർസൈത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് മുതൽ പൂജ ആരംഭിക്കും.

മസ്‌കത്തിലെ ശിവക്ഷേത്രത്തിലും ഇന്ന് പതിവ് പൂജകൾ ആരംഭിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാളെ മുതൽ ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രാർത്ഥന ആരംഭിക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ക്രിസ്ത്യൻ ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാകില്ല. പള്ളികളിലും പുറത്തും സാമൂഹിക അകലം പാലിക്കണം. നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ അറിയിച്ചു.

മാളുകളിലും ഷോപ്പുകളിലും ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം വരെ ആളുകൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മസ്ജിദുകളിൽ സാമൂഹിക അകലം പാലിച്ച് നിസ്‌കാരം നിർവഹിക്കാം. കോവിഡ് കേസുകളിൽ വലിയ മാറ്റമില്ലെങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ വേണ്ടെന്ന് സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. മസ്‌കത്ത്, ദാഖിലിയ, ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിൽ വാക്‌സിനേഷൻ നൂറ് ശതമാനമായി. ദോഫാർ ഗവർണറേറ്റിൽ 40 ശതമാനം പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്.

Share this story