ഡിജിറ്റല്‍ സര്‍ക്കാര്‍; ലോകത്ത് യുഎഇക്ക് മൂന്നാം റാങ്ക്

ഡിജിറ്റല്‍ സര്‍ക്കാര്‍; ലോകത്ത് യുഎഇക്ക്  മൂന്നാം റാങ്ക്

ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിലും അതിവേഗം ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിലും ആഗോള തലത്തില്‍ മുന്നിലുള്ള രാജ്യങ്ങളില്‍ യുഎഇ മൂന്നാമത്. ആഗോള മാനെജ്‌മെന്റ് കണ്‍സല്‍ട്ടിങ് ഏജന്‍സിയായ ബോസ്റ്റന്‍ കണ്‍സള്‍ട്ടിങ് കമ്പനി (ബിസിജി) നടത്തിയ സര്‍വേയിലാണ് യുഎഇക്ക് മൂന്നാം റാങ്ക്. കോവിഡ് പ്രതിരോധിക്കാനും നേരിടാനും യുഎഇ നടപ്പിലാക്കിയ സമഗ്ര ഡിജിറ്റല്‍ പദ്ധതിയാണ് രാജ്യത്തിന് ഈ നേട്ടം നേടിക്കൊടുത്തത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി ലഭിക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള സംതൃപ്തിയുടെ തോത് 73 ശതമാനമാണെന്ന് റിപോര്‍ട്ട് പറയുന്നു. വികസിത രാജ്യങ്ങളില്‍ ഇത് ശരാശരി 64 ശതമാനമെ ഉള്ളൂ. വികസ്വര രാജ്യങ്ങളില്‍ 58 ശതമാനവും. യുഎയില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ ആഴ്ചയില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഉപയോഗിക്കുന്നതായും സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും പറഞ്ഞു.

കോവിഡ് ലോകത്തൊട്ടാകെ ജനജീവിതത്തെ കീഴ്‌മേല്‍ മറിച്ചതോടെ ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ പ്രധാന്യവും അനിവാര്യതയും വെളിപ്പെട്ടു. ഈ രംഗത്ത് യുഎഇ വളരെ നിര്‍മാണാത്മകമായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ ഭരണകര്‍ത്താക്കളുടെ നിര്‍ദേശ പ്രകാരം പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ വന്‍തോതിലാണ് നടപ്പിലാക്കിയത്. ഇത് യുഎഇയിലെ എല്ലാ ജനങ്ങളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിന് വലിയ അളവില്‍ സഹായിച്ചു- ബിസിജി അസോസിയേറ്റ് ഡയറക്ടര്‍ റമി റിയാദ് മുര്‍തദ പറഞ്ഞു.

ലോകത്തൊട്ടാകെ 36 രാജ്യങ്ങളില്‍ 26 ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളാണ് ബിസിജി പഠിച്ചത്. കാല്‍ലക്ഷം പേരെ ഉപയോഗിച്ചായിരുന്നു സര്‍വെ.

Share this story