കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കാബിനറ്റ് യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. ജൂണ്‍ 18 വെള്ളിയാഴ്ച മുതലാണ് പുതിയ കൊവിഡ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അധ്യക്ഷത വഹിച്ചു. ഇന്ന് ഉച്ചയോടെ അമീരി ദീവാനിയിലാണ് കാബിനറ്റ് സമ്മേളിച്ചത്. ഖത്തര്‍ കാബിനറ്റ് മന്ത്രി ഡോക്ടര്‍ സാദ് ബിന്‍ ജഫാലിയുടെ പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

പുതിയ ഇളവുകള്‍ താഴെപ്പറയുന്നവയാണ്

* സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും തൊഴിലിടങ്ങളില്‍ 80 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമെ അനുമതിയുണ്ടാവുകയുള്ളു

* വാക്‌സിനെടുത്ത അഞ്ച് പേരെ ഉള്‍പ്പെടുത്തി മാത്രമേ തൊഴിലിടങ്ങളില്‍ പതിനഞ്ച് പേരുടെ മീറ്റിങ് നടത്താം.

* പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിലാളികള്‍ക്കായി പ്രതിവാര റാപിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ വാക്‌സിനെടുത്തവരെ ഒഴിവാക്കിയിട്ടുണ്ട്.

* ഏഴു വയസിന് മുകളിലുള്ളവര്‍ക്കായി പള്ളികള്‍ അഞ്ച് നേരത്തെ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും തുറന്ന് നല്‍കും.അതേസമയം, പള്ളികളിലെ ഹൗളുകളും ശുചിമുറികളും തുറക്കില്ല.

* തുറന്ന സ്ഥലങ്ങളില്‍ വാക്‌സിനെടുത്ത 20 പേര്‍ക്കും വാക്‌സിനെടുക്കാത്ത 10 പേര്‍ക്കും മാത്രം ഒത്തുകൂടാന്‍ അനുമതി. അടഞ്ഞ സ്ഥലങ്ങളില്‍ വാക്‌സിനെടുത്ത പത്ത് പേര്‍ക്കും വാക്‌സിനെടുക്കാത്ത അഞ്ച് പേര്‍ക്കും മാത്രം ഒത്തു കൂടാന്‍ അനുമതി.

* വാക്‌സിനെടുത്ത 75 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി 40 പേരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹങ്ങള്‍ നടത്താം.

* ഒരേ കുടുംബത്തില്‍ പെട്ട പത്ത് പേര്‍ക്ക് പാര്‍ക്കുകളിലും കോര്‍ണിഷിലും ബീച്ചുകളിലും ഒത്തുകൂടാന്‍ അനുമതി നല്‍കിയിട്ടണ്ട്.

* കളിസ്ഥലങ്ങളും വ്യായാമ കേന്ദ്രങ്ങളും അടഞ്ഞു കിടക്കും.

* സ്വകാര്യ ബീച്ചുകള്‍ക്ക് 40 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

* വാഹനങ്ങളില്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കൊഴികെ നാലു പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതി.

* ബസുകളില്‍ പകുതി പേരെ ഉള്‍പ്പെടുത്തി സര്‍വീസ് നടത്താം. മെട്രോ സര്‍വീസുകള്‍ 30 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.

* ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് 30 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

* സിനിമ തിയറ്ററുകളില്‍ 12 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. മുപ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നഴ്സറികള്‍ക്കും 30 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി.

* ലൈബ്രറികളിലെയും മ്യൂസിയങ്ങളിലെയും കപ്പാസിറ്റി 50 ശതമാനമാക്കി വര്‍ധിപ്പിച്ചു.

Share this story