വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് മടങ്ങാൻ അനുമതി

വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് മടങ്ങാൻ അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർണമായും എടുത്ത പ്രവാസികളെ കുവൈത്തിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിനുളള ശുപാര്‍ശ കുവൈത്ത് മന്ത്രിസഭയില്‍ സമര്‍പ്പിച്ചു. വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളെ ഓഗ്‌സറ്റ് ഒന്നുമുതല്‍ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം പറഞ്ഞു. ഓക്‌സ്ഫഡ്- ആസ്ട്രസെനെക്ക, ഫൈസര്‍-ബയോൻടെക്ക്, മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണമായും സ്വീകരിച്ച വിദേശകളെ മാത്രമെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. തിരികെ എത്തുന്നവര്‍ ഒരാഴ്ച ഹോം ക്വാറന്റൈനില്‍ ഇരിക്കണം. പി.സി.ആര്‍ ടെസറ്റില്‍ നെഗറ്റീവാണെങ്കില്‍ ഇതിനുശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

കുവൈത്തില്‍ വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് വിദേശ യാത്രയും തിരിച്ചുള്ള യാത്രയും ആരോഗ്യ മുന്‍കരുതലുകളോടെ അനുവദിക്കും. വാക്‌സിന്‍ എടുക്കാത്ത കുവൈത്ത് പൗരന്മാര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കുണ്ട്. എന്നാല്‍ വാക്‌സിന്‍ നിര്‍ബന്ധമല്ലാത്ത പ്രായക്കാര്‍, ആരോഗ്യ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍, ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റുള്ള ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. അംഗീകൃത വാക്‌സിന്‍ എടുക്കാത്തവരെ മാളുകളിലും റസ്‌റ്റൊറന്റുകളിലും സലൂണുകളിലും വലിയ കെട്ടിട സമയുച്ചയങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കില്ല.

Share this story