സലാലയിൽ മൺസൂൺ എത്തി; മഴ ശക്തമാകും

സലാലയിൽ മൺസൂൺ എത്തി; മഴ ശക്തമാകും

മസ്കത്ത്: സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയിൽ മൺസൂൺ (ഖരീഫ്) എത്തി. വിവിധ പ്രദേശങ്ങളിൽ ഇന്നലെ സാമാന്യം നല്ല മഴ ലഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സലാലയിൽ ജൂൺ 21 മുതൽ സെപ്റ്റംബർ വരെയാണ് മൺസൂൺ സീസൺ.

മലയോര-തീരദേശ മേഖലകളിൽ ഞായർ മുതൽ മഴയുണ്ട്. പുലർച്ചെ മൂടൽമഞ്ഞും അനുഭവപ്പെടുന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ വാദികളും തടാകങ്ങളും നിറയുകയും മലയോരമേഖലകളിൽ പച്ചപ്പ് സമൃദ്ധമാകുകയും ചെയ്യുന്നതിനാൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് സലാല. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

മലയോരമേഖലകളിൽ താപനില 28 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. വരുംദിവസങ്ങളിൽ ഇനിയും താഴുമെന്നാണ് റിപ്പോർട്ട്. ഖൈറൂൻ ഹരിതി, സീക്, ഹാഗിഫ്, തൈത്തം, അൽ സാൻ, മദീനത് അൽ ഹഖ്, തവി അതീർ എന്നീ മലയോര ഗ്രാമങ്ങളിലെ താമസക്കാർ തുറസ്സായ സ്ഥലങ്ങളിൽ നിന്നു ഒട്ടകങ്ങളെയും ആടുമാടുകളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.

Share this story