സെപ്റ്റംബറിന് മുമ്പ് അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കണം; അമേരിക്കയോട് ഖത്തര്‍

സെപ്റ്റംബറിന് മുമ്പ് അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കണം; അമേരിക്കയോട് ഖത്തര്‍

ദോഹ: ഈ വര്‍ഷം സെപ്റ്റംബറിന് മുമ്പായിട്ടെങ്കിലും അഫ്ഗാന്‍ പ്രശ്‌നത്തില്‍ സമഗ്ര പരിഹാരം വേണമെന്ന് ഖത്തര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. സെപ്തംബര്‍ പതിനൊന്നിന് മുമ്പ് അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്തിരിയുമെന്നാണ് പുതിയ അമേരിക്കന്‍ ഭരണകൂടം ഉറപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ല. ആറ് പോയിന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വര്‍ക്കിംഗ് പേപ്പര്‍ ദോഹ തയ്യാറാക്കിയിട്ടുണ്ടെന്നും അത് മധ്യസ്ഥത സംബന്ധിച്ച കരാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഖത്തര്‍ പ്രതിനിധികളെ ഉദ്ധരിച്ച് വി.ഒ.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ തീവ്രവാദ ഗ്രൂപ്പുകളെ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും കരാര്‍ താലിബാനോട് ആവശ്യപ്പെടുന്നു.

സൈനികപരമായി അധികാരം പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തുന്ന ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമല്ല. പതിറ്റാണ്ടുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അഫ്ഗാനില്‍ ജനങ്ങള്‍ക്ക് സമാധാനം നല്‍കണമെന്നാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും ദോഹയിലെ പ്രതിനിധികള്‍ പറഞ്ഞതായി വി.ഒ.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ തീവ്രവാദ വിരുദ്ധ പ്രത്യേക കമ്മറ്റി മേധാവി ഡോ മുതലാഖ് മജീദ് അല്‍ കഹ്താനിയാണ് നിലവില്‍ അഫ്ഗാന്‍ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥത വഹിക്കുന്നത്.

Share this story