രക്ഷിതാക്കൾക്ക്​ ആശ്വാസവാർത്ത; കുട്ടികൾക്ക്​ ക്വാറൻറീൻ വേണ്ട

രക്ഷിതാക്കൾക്ക്​ ആശ്വാസവാർത്ത; കുട്ടികൾക്ക്​ ക്വാറൻറീൻ വേണ്ട

ദോഹ: ജൂലൈ 12ന്​ പ്രാബല്യത്തിൽ വരുന്ന കോവിഡ്​ യാത്രാ നയങ്ങളിൽ കൂടുതൽ ഇളവുകൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ. വെള്ളിയാഴ്​ച രാത്രിയോടെ പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം 17വരെ പ്രായമുള്ള കുട്ടികൾക്ക്​ ഹോട്ടൽ ക്വാറൻറീൻ പൂർണമായും ഒഴിവാക്കാൻ തീരുമാനമായി.

നേരത്തേ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്​ മാതാപിതാക്കൾ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ, 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾ വാക്​സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർക്ക്​ 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്​. ഇതാണ്​ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ തിരുത്തിയത്​.

ഇതുപ്രകാരം, ഇന്ത്യ ഉൾപ്പെടെ റെഡ്​ലിസ്​റ്റഡ്​ രാജ്യങ്ങളിൽനിന്നും വരുന്ന 18നു​ ചുവടെ പ്രായമുള്ള വാക്​സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക്​ മാതാപിതാക്കൾ വാക്​സിനേറ്റഡ്​ ആണെങ്കിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഇവർ 10 ദിവസത്തെ ഹോം ക്വാറൻറീൻ പാലിക്കണം. കുട്ടികൾ തനിച്ചോ, രക്ഷിതാക്കൾക്കൊപ്പം വരുമ്പോഴോ ഇതാണ്​ പുതിയ ചട്ടം. കേരളത്തിൽനിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന നിരവധി രക്ഷിതാക്കൾക്ക്​ ആശ്വാസം നൽകുന്നതാണ്​ പുതിയ ഇളവുകൾ.

ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ 18നു താഴെ പ്രായമുള്ളവർക്ക്​ വാക്​സിൻ നൽകി തുടങ്ങാത്തതിനാൽ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങൾക്ക്​ തിരികെയെത്തു​മ്പോൾ മക്കളു​ടെ ഹോട്ടൽ ക്വാറൻറീൻ തലവേദനയായിരുന്നു. ഇതു സംബന്ധിച്ച്​ സംശയങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ്​ ആശങ്ക അറിയിച്ചത്​. ഗ്രീൻ ലിസ്​റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന കുടുംബങ്ങളിൽ 11 വയസ്സുവരെയുള്ളവർക്ക്​ തീരെ ക്വാറൻറീൻ വേണ്ട. എന്നാൽ, 12 മുതൽ 17 ​വരെ പ്രായമുള്ളവർക്ക്​ അഞ്ചു ദിവസ ഹോം ക്വാറൻറീൻ വേണം. യെല്ലോ ലിസ്​റ്റിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന 17 വയസ്സുവരെ പ്രായമുള്ളവർക്ക്​ ഏഴു ദിവസ ഹോം ക്വാറൻറീനിൽ കഴിയണം. റെഡ്​ ലിസ്​റ്റ്​​ രാജ്യങ്ങൾക്ക്​ ഇത്​ 10 ദിവസമാണ്​. ഇതിനു​ പുറമെ, മറ്റു ചില ക്വാറൻറീൻ മാർഗനിർദേശങ്ങളിലും ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തി. ഖത്തറിൽനിന്ന്​ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം പൂർത്തിയാവാത്ത യാത്രക്കാർക്ക്​ ഹോം ക്വാറൻറീൻ മതിയാവും. ഏഴു​ ദിവസമോ അല്ലെങ്കിൽ രണ്ടാം ഡോസെടുത്ത്​ 14 ദിവസം പൂർത്തിയാവുന്നത്​ വരെയോ ക്വാറൻറീനിൽ കഴിയണം.

ഇവയിൽ ഏതാണോ ആദ്യം പൂർത്തിയാവുന്നത്​ അതിനനുസരിച്ച്​ പുറത്തിറങ്ങാൻ കഴിയും. വാക്​സിൻ പുർത്തീകരിച്ച ഒരാൾക്കൊപ്പം എത്തുന്ന വാക്​സിൻ എടുക്കാത്ത 75നു​ മുകളിൽ പ്രായമുള്ളയാൾക്ക്​ അതേ വീട്ടിൽ ഹോം ക്വാറൻറീൻ മതിയാവും. വാക്​സിൻ സ്വീകരിച്ച ഭർത്താവിനൊപ്പമോ, ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുവിനൊപ്പമോ ഖത്തറിലെത്തുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക്​ ഹോട്ടൽ ക്വാറൻറീൻ വേണ്ട.

ദുരുപയോഗം ചെയ്യരുത്

‘ഇന്ത്യൻ എംബസിയുടെയും നിരവധി പ്രവാസി സംഘടനകളുടെയും കൂടി നിരന്തര ആവശ്യമായിരുന്നു ക്വാറൻറീൻ ഒഴിവാക്കാനുള്ളത്​. വലിയ തുകയാണ്​ 10 ദിവസ ക്വാറൻറീനായി മുടക്കിയിരുന്നത്​. ഇതു​ വലിയൊരു വിഭാഗം യാത്രക്കാർക്ക്​ ഒഴിവാകുന്നു എന്നത്​ ആശ്വാസകരമാണ്​. ഖത്തർ സർക്കാറിന്റെ വിട്ടുവീഴ്​ച നമ്മൾ ദുരുപയോഗം ചെയ്യരുത്​. സർക്കാർ ചട്ടങ്ങളും നിർദേശങ്ങളും പാലിച്ച്​ യാത്ര ചെയ്യണം. നേരത്തേ നാട്ടിൽനിന്നും കൃത്രിമ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച്​ യാത്രചെയ്​തെത്തിയ നിരവധി പേരാണ്​ ഇവിടെ പോസിറ്റിവായത്​. അത്തരം തട്ടിപ്പുകൾക്ക്​ ആരും വഴങ്ങരുത്​. നമുക്കായി തുറന്നുതന്ന അവസരത്തെ നമ്മളായി മുടക്കരുത്​ എന്നാണ്​ അഭ്യർഥിക്കാനുള്ളത്.​’

Share this story