ഒമാനിലെത്താൻ വഴി തേടി പ്രവാസികൾ നിരവധി പേർ ഖത്തറിലെത്തി

ഒമാനിലെത്താൻ വഴി തേടി പ്രവാസികൾ നിരവധി പേർ ഖത്തറിലെത്തി

മസ്​കത്ത്​: ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി ഒമാനിലെത്താൻ എത്തിയിരിക്കുന്നത്​ നിരവധി മലയാളികൾ. 14 ദിവസം ഖത്തറിൽ തങ്ങിയവരുടെ ആദ്യ ബാച്ച്​ മറ്റ്​ തടസങ്ങളില്ലെങ്കിൽ അടുത്തയാഴ്​ച ഒമാനിൽ എത്തുമെന്ന്​ കരുതുന്നു. ഓൺ​ അറൈവൽ വിസ പുനഃസ്​ഥാപിച്ചതോടെയാണ്​ ഒമാൻകാർക്ക്​ ഖത്തർ ഇടത്താവളമായത്​. നിരവധി സൗദി, യു.എ.ഇ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്​.

ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക്​ ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി നിലവിൽ വന്ന പുതിയ മാനദണ്ഡപ്രകാരം ഇന്ത്യക്കാർക്ക്​ 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി റി​പ്പോർട്ടുകളുണ്ട്​. ഹോട്ടൽ താമസം ഡിസ്​കവർ ഖത്തർ പോർട്ടൽ വഴി ബുക്ക്​ ചെയ്യുകയും വേണം. 14 ദിവസം ഖത്തറിൽ തങ്ങിയശേഷമാണ്​ ഒമാനിലേക്ക്​ വരാൻ കഴിയുക​. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ്​ ഉൾപ്പെടെ ലക്ഷം രൂപയിലധികം ചെലവ്​ വരും.

ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക്​ കഴിഞ്ഞ ഏപ്രിൽ അവസാനം മുതലാണ്​ ഒമാൻ വിലക്ക്​ ഏർപ്പെടുത്തിയത്​. വിലക്ക്​ നീണ്ടതോടെ അർമേനിയ, ഉസ്​ബെക്കിസ്​ഥാൻ തുടങ്ങിയ രാജ്യങ്ങൾ വഴി കുറച്ച്​ പേർ ഒമാനിൽ തിരികെയെത്തിയിരുന്നു. കൂടുതൽ പേരും ആഗസ്റ്റ്​ ആദ്യത്തോടെ യാത്രാ വിലക്ക്​ നീക്കുമെന്ന പ്രതീക്ഷയിലാണ്​ നാട്ടിൽ തുടരുന്നത്​. യാത്രാ വിലക്ക്​ നീക്കാത്ത പക്ഷം എളുപ്പ വഴിയെന്ന നിലയിൽ ഖത്തർ വഴി ഒമാനിലേക്ക്​ കൂടുതൽ പ്രവാസികൾ എത്തുമെന്നാണ്​ കരുതുന്നത്​. നിരവധി ട്രാവൽ ഏജൻസികൾ ഖത്തർ വഴിയുള്ള പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്​.

Share this story