ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന് സിവിൽ വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 മാർച്ച് മുതൽ പ്രവർത്തനമാരംഭിക്കേണ്ടിയിരുന്ന ഈ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം, COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.

രാജ്യത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ വിമാനത്താവളം മുഖ്യ പങ്ക് വഹിക്കുമെന്ന് ബഹ്‌റൈൻ ഗതാഗത മന്ത്രാലയത്തിലെ സിവിൽ വ്യോമയാന വിഭാഗം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ കാബി അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയായതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അടുത്ത വർഷം ആദ്യത്തിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് അൽ കാബി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തന സംവിധാനങ്ങൾ പരിശോധിച്ച് വരുന്നതായും, സുരക്ഷ ഉൾപ്പടെയുള്ള മേഖലകളിൽ അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടന മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിച്ച് വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2 ലക്ഷത്തിൽ പരം സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിൽ തയ്യാറാക്കുന്ന ഈ പുതിയ വിമാനത്താവളത്തിന് ഏതാണ്ട് 1.1 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ വിമാനത്താവളം പൂർണ്ണമായി തുറന്ന് കൊടുക്കുന്നതിലൂടെ വാർഷികാടിസ്ഥാനത്തിൽ 14 മില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

Share this story