സ്റ്റിയറിംഗ് കമ്മിറ്റി ആദ്യ യോഗം ചേർന്നു
ദുബൈ: എക്സ്പോ 2020 സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം നടന്നു. എല്ലാ അന്താരാഷ്ട്ര പങ്കാളിമാരെയും ഉൾപ്പെടുത്തിയായിരുന്നു യോഗം. സഹിഷ്ണുതാ മന്ത്രിയും എക്സ്പോ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ യോഗത്തിൽ പങ്കെടുത്തു.
അന്താരാഷ്്ട്ര സഹകരണ മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി, ബ്യൂറോ ഇന്റർനാഷനൽ ഡേസ് എക്സ്പോസിഷൻസ് സെക്രട്ടറി ജനറൽ ദിമിത്രി കെർക്ന്റ്സിസ്, എക്സ്പോ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനും സ്വിറ്റ്സർലാൻഡ് കമ്മീഷണർ ജനറലുമായ മാനുവൽ സൽച്ലി തുടങ്ങിയവും പങ്കെടുത്തു.
നിശ്ചിത ഇടവേളകളിൽ ചേരുന്ന കമ്മിറ്റിയിൽ 34 രാജ്യങ്ങളിൽ നിന്നുള്ള കമ്മീഷണർ ജനറൽമാരും പങ്കെടുക്കുന്ന 192 രാജ്യങ്ങളുടെ പ്രതിനിധികളുമുണ്ടാകും. എക്സ്പോയുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും ഇടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതാണ് കമ്മിറ്റിയെന്നും പ്രദർശന പരിപാടി എന്നതിനപ്പുറം ഭാവി തലമുറകൾക്കുള്ള ആഗോള സഹകരണത്തിന്റെ ഏക വേദി കൂടിയാകും എക്സ്പോയെന്നും ശൈഖ് നഹ്യാൻ പറഞ്ഞു. മനസ്സുകളെ കോർത്തിണക്കി ഭാവി നിർമിക്കുകയെന്ന പ്രമേയത്തിൽ അധിഷ്ഠിതമായി സഹിഷ്ണുതാ സംസ്കാരം പ്രചരിപ്പിക്കണം. നമ്മുടെ നേട്ടങ്ങൾ ആഘോഷിക്കുകയും സക്രിയ ആശയങ്ങൾ നട്ടുവളർത്തുകയും മികച്ചവ സ്വീകരിക്കുകയും ചെയ്യുന്ന വേളയിലാണ് ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, അൾജീരിയ, അങ്കോള, അർജന്റീന, ബഹാമാസ്, ചൈന, കൊളംബിയ, കോമോറോസ്, ചെക്ക് റിപ്പബ്ലിക്, ഈസ്റ്റ് ടിമോർ, ഈജിപ്ത്, ഫിൻലാൻഡ്, ഫ്രാൻസ്, ഗാബൺ, ഗ്രനഡ, ഇറ്റലി, ജപ്പാൻ, ഖസാക്കിസ്ഥാൻ, കുവൈത്ത്, ലെബനോൻ, ലിസോതോ, ലിത്വാനിയ, മാർഷൽ ഐലാൻഡ്, മൗറിത്താനിയ, മൊസാമ്പിക്, നെതർലാൻഡ്, ന്യൂസീലാൻഡ്, പരാഗ്വെ, സമാവോ, സെനഗൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, യു എ ഇ, യു കെ എന്നീ രാജ്യങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ട കമ്മീഷണർമാർ.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
