സൗദി അറേബ്യയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും; പലയിടത്തും ഗതാഗതം തടസപ്പെട്ടു

Gulf

സൗദി അറേബ്യയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. സൗദിയിലെ റിയാദ് – തായിഫ് റോഡില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസപ്പെട്ടു. റോഡില്‍ കുമിഞ്ഞുകൂടിയ മഞ്ഞുകട്ടകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പ്രധാന റോഡുകളിലും ഉത്തര തായിഫിലെ വിവിധ ജില്ലകളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. ഉംറ സീസണ്‍ ആയതിനാല്‍ റിയാദ്തായിഫ് റോഡില്‍ നല്ല തിരക്കാണ്. ഇതിനിടയില്‍ മഞ്ഞുകൂനകള്‍ റോഡ് ഗതാഗതത്തെ തടസ്സപ്പെടുത്തി. തായിഫിലെ ചിലയിടങ്ങളില്‍ കനത്ത മഴയും അനുഭവപ്പെട്ടു.

അല്‍ ശര്‍ഖിയ്യ, അല്‍ ഹല്‍ഖ ജില്ലകളിലാണ് കനത്ത ആലിപ്പഴ വര്‍ഷം ഉണ്ടായത്. നഗരസഭയും വിവിധ വകുപ്പുകളും ഏകോപനം നടത്തി റോഡുകളിലെ തടസ്സം ഒഴിവാക്കി ഗതാഗതം സുഗമമാക്കി.

വരുന്ന ദിവസങ്ങളില്‍ രാജ്യത്ത് മിതശീത കാലാവസ്ഥ ദൃശ്യമാകുമെന്നും ഈദിനെ തുടര്‍ന്നുളള ദിവസങ്ങളില്‍ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, അല്‍ഖസിം, ഹായില്‍, ദമാം തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കും.

Share this story