സ്വപ്ന കരിയറിൽ ഗോൾഡൻ വിസ തിളക്കവുമായി ജാഫർ കാരയിൽ

golden visa jafer

വിദ്യാർത്ഥി കാലം മുതൽക്കേ മനസ്സിൽ ഊട്ടിയുറപ്പിച്ച മാധ്യമ മേഖലയിലൊരു  കരിയർ കെട്ടിപ്പടുക്കുകയെന്ന സ്വപ്നവും പേറി ഒരു ദശകം മുൻപ് ദുബായിലെത്തിയതാണ് ജാഫർ കാരയിൽ. പ്രവാസത്തിന്റെ യാഥാർഥ്യ ബോധ്യങ്ങളുമായി പാകപ്പെടാൻ അല്പം സമയമെടുത്തുവെങ്കിലും കഠിനാധ്വാനത്തിലൂടെ തൻ്റെ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടികൾ ഓരോന്നായി കയറി ദുബായ് ഗവണ്മെന്റിന്റെ ഗോൾഡൻ വിസയെന്ന സ്വപ്‌ന നേട്ടത്തിലാണ് "ഗൾഫ് വാർത്ത" യിലൂടെ സോഷ്യൽ മീഡിയ തരംഗമായി മാറിയ ജാഫർ കാരയിൽ ഇന്ന്.

മലപ്പുറം ജില്ലയിലെ തെന്നലയെന്ന ഒരു സാധാരണ ഗ്രാമത്തിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും എല്ലാ സ്വാഭാവിക ഗ്രാമീണ പരിമിതികളോടും പടപൊരുതി മുന്നേറിയാണ് ജേർണലിസം പഠനത്തിലേക്ക് കാലെടുത്ത് വെച്ചതും തുടർന്നുള്ള ഗൾഫ് കുടിയേറ്റത്തിനത് കരുത്തായതും. കൈരളി ടിവിയിലെ ഒരു സാധാരണ ജീവനക്കാരനായി തുടങ്ങി ഗൾഫ് മാധ്യമ രംഗത്തെ അതികായകരായ ഏഷ്യാവിഷനിലേക്ക് കാലെടുത്ത് വെക്കുന്നതോടെയാണ് ജാഫറിൻറെ കരിയറിന് താളം കൈവന്നത്. നിസാർ സൈദെന്ന പയറ്റിത്തെളിഞ്ഞ മാധ്യമ ഗുരുവിന്റെ ശിക്ഷണത്തിൽ പാകപ്പെട്ട ജാഫർ കാരയിലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. 

jafer

ഏഷ്യാവിഷൻ സംരഭങ്ങളായിരുന്ന ബംഗ്ലാ റേഡിയോയുടെ സീനിയർ ഒഫീഷ്യൽ, ഏഷ്യാവിഷൻ ഫാമിലി മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ , ഏഷ്യാവിഷൻ മൂവി അവാർഡ്‌സ് ഇവന്റ് മാനേജർ എന്നിങ്ങനെ പടവുകൾ ഓരോന്നായി കയറി 2018 അവസാനത്തോടെ ആപ്പിൾ ഇവന്റസ്‌ & മീഡിയ എന്ന പേരിൽ സ്വന്തമായൊരു മാധ്യമ സ്ഥാപനത്തിന് തന്നെ തുടക്കം കുറിച്ചാണ് ജാഫർ കരുത്ത് തെളിയിച്ചത്. ദുബായിലെ ഒട്ടുമിക്ക മാധ്യമ വിനോദ പരിപാടികളുടെയും സംഘാടന  മേൽനോട്ടവുമായി മുന്നേറി കൊണ്ടിരിക്കെ അപ്രതീക്ഷിതമായി കടന്നു വന്ന കോവിഡ് മഹാമാരിയിൽ വൻ വീഴ്ചയും സംഭവിച്ചു ജാഫറിന്. 

കെട്ടിപടുത്തതെല്ലാം കൈവിട്ടുപോയി പ്രതീക്ഷയറ്റ വേളയിലാണ് താൻ പഠിച്ച ജേർണലിസം പാഠങ്ങൾ ചേർത്ത് വെച്ച് ഗൾഫ് വാർത്തയെന്നൊരു നവമാധ്യമ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഒരു പ്രതീക്ഷക്കായി കാത്തിരുന്ന അനേകായിരം പ്രവാസികൾക്ക് ആശ്വാസമേകി നിരന്തരമായ ലൈവ് വാർത്തകളിലൂടെ ആവശ്യക്കാരിലേക്ക് ഭക്ഷണവും പാർപ്പിടവും വിമാന ടിക്കെറ്റുമുൾപ്പെടെയുള്ള സഹായവുമായി സോഷ്യൽ മീഡിയയിൽ സ്വന്തം ഇടം പടുത്തുയർത്തിയ ജാഫർ കാരയിൽ ആദ്യം ഫേസ്ബുക്കിലും ക്രമേണ ടിക്ടോക്, ഇൻസ്റ്റാഗ്രാം പ്ലാറ്റുഫോമുകളിലും പ്രവാസി മലയാളിയുടെ മുഖമായി മാറി.

JAFAR KARAYIL

നിരന്തരമായ സ്വയം പരിഷ്കരണത്തിലൂടെ നവ മാധ്യമ സാധ്യതകൾ കൃത്യ സമയത്ത് തിരിച്ചറിയുകയും ക്രിയാത്മകമായി അത് ഉപയോഗപ്പെടുത്തുകയും ചെയ്ത്  ഗൾഫിലെ പ്രബലമായ ബ്രാൻഡുകളുമായെല്ലാം കരാർ നേടുന്നതിലേക്കെത്തിയ സോഷ്യൽ മീഡിയ ഫെയിമായി വളർന്നുവെന്നതാണ് ജാഫർ കാരയിലിനെ വേറിട്ടു നിർത്തുന്നത്. അരോചകവും അധാർമികവുമായ നവമാധ്യമോപയോഗ കാലത്ത്,  ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിലെ ധാർമിക പഠനം നൽകിയ ആത്മീയ കരുത്തും മഅദിൻ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്നും അഭ്യസിച്ച അച്ചടക്കവും മുറുകെ പിടിച്ചാണ് ഗൾഫ് വാർത്തയെ ജാഫർ സജീവമാക്കി നിർത്തുന്നത്. 

ഗൾഫ് വാർത്തയുടെ തന്നെ ഭാഗമായ ഭാര്യ മാളുവും (ഫർസാന പർവീൻ) രണ്ട് മക്കളോടുമൊപ്പം ദുബായിലാണ് ജാഫറിന്റെ ജീവിതം. മലപ്പുറം ജില്ലയിലെ തെന്നല പ്രദേശത്തെ സാമൂഹിക മത ധാർമിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കാരയിൽ സൈതലവി ഹാജിയുടെ ഇളയ മകനാണ് ജാഫർ കാരയിൽ.

jafer

അറിയപ്പെടുന്ന പ്രസംഗികനായ കാരയിൽ മുസ്തഫ സഖാഫി, ദുബായ് ICF സംഘാടന രംഗത്തെ സജീവ സാനിധ്യമായ നൗഷാദ് കാരയിൽ, താജുദ്ധീൻ കാരയിൽ എന്നിവർ സഹോദരന്മാരും റൂഖിയ, റൈഹാനത്ത്, സൈനബ എന്നിവർ സഹോദരികളുമാണ്.

രണ്ടര പതിറ്റാണ്ട് മുൻപത്തെ ഗ്രാമീണ ജീവിത പരിമിതികൾക്കിടയിലും ഓൾ ഇന്ത്യ റേഡിയോ വാർത്തകളും പത്ര വായനയും പതിവാക്കിയിരുന്ന ഉമ്മ കദിയാമു ഹജ്ജുമ്മ പകർന്ന സാമൂഹിക ബോധത്തിൽ നിന്നാണ് തൻറെ പിന്നീടുള്ള ചിന്തകൾ പാകപ്പെട്ടതെന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട് ഗൾഫ് വാർത്ത ചീഫ് എഡിറ്ററായ ജാഫർ കാരയിൽ

Share this story