വീസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്; മലയാളികള്‍ക്കും ഗുണം

വീസ നിയമങ്ങളില്‍ താത്കാലിക മാറ്റവുമായി കുവൈത്ത്. ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ വീസകളിലേക്ക് മാറാം. ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം നല്‍കിയിരിക്കുന്നത്.

നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകളോടെ ഇത്തരത്തില്‍ വീസ മാറ്റാനാകും. തൊഴില്‍ വീസകളിലേക്ക് മാറുന്നതിനായി 50 ദിനാര്‍ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കണം. കൂടാതെ നിലവിലുള്ള സ്പോണറുടെയടുത്ത് സേവനം ചെയ്ത ഓരോ വര്‍ഷത്തിനും 10 ദിനാര്‍ വീതം അധികമായും അടയ്ക്കണം.

പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രവാസികള്‍ക്ക് ഗുണം ലഭിക്കുന്നതാണ്. 2018ന് ശേഷം ആദ്യമായാണ് കുവൈത്ത് വീസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിനകത്തു നിന്ന് തന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Share this story