യാത്രക്കാരുടെ കൈവശം നവംബര്‍ 11 മുതല്‍ കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന് ഒമാന്‍

യാത്രക്കാരുടെ കൈവശം നവംബര്‍ 11 മുതല്‍ കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബര്‍ 11 മുതലായിരിക്കും പ്രാബല്ല്യത്തില്‍ വരുകയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനകമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ ഒന്നിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് കൊവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച് ഒമാനിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിലാണ് കൊവിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകേണ്ടത്. അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം പരിശോധന നടത്തേണ്ടത്. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് പതിവ് പോലെ പി.സി.ആര്‍ പരിശോധന ഉണ്ടായിരിക്കും. ഈ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുള്ളവര്‍ക്ക് ഏഴ് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം എട്ടാമത്തെ ദിവസം അടുത്ത പി.സി.ആര്‍ നടത്തി ക്വാറന്‍ൈറന്‍ അവസാനിപ്പിക്കാം.

മൂന്നാമത് പരിശോധനക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് നേരത്തേയുള്ളത് പോലെയുള്ള 14 ദിവസം ക്വാറന്റൈനില്‍ തുടരുക. 15 വയസും അതില്‍ താഴെയും പ്രായമുള്ളവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകേണ്ടതില്ല. ക്വാറന്‍റൈന്‍ കാലയളവിലെ നിരീക്ഷണത്തിനായുള്ള റിസ്റ്റ്ബാന്‍ഡും ഇവര്‍ ധരിക്കേണ്ടതില്ല. ഒമാനിലെ വിദേശ എംബസികളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഒമാനില്‍ സന്ദര്‍ശനത്തിന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധന സംബന്ധിച്ച നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

യാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയെന്ന നിബന്ധന ആവശ്യത്തിന് സമയം ലഭ്യമാക്കിയ ശേഷമാകും നടപ്പിലാക്കുകയെന്ന് ആരോഗ്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നെങ്കിലും വലിയ തോതിലുള്ള ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു.

Share this story