സൗദി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനി ശമ്പളം ഡിജിറ്റല്‍ വാലറ്റ് വഴി

Riyadh

റിയാദ്: ദിയില്‍ തൊലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി നല്‍കണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി ഗാര്‍ഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം (മുസാനിദ്) അധികൃതര്‍ അറിയിച്ചു. മൊത്തം അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്‌കാരത്തിന്റെ ഒന്നാംഘട്ടമാണ് പ്രാബല്യത്തിലായത്.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുക, ശമ്പളം നല്‍കുന്ന പ്രക്രിയയില്‍ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുക, കടലാസ് പണമിടപാടുകള്‍ കുറയ്ക്കുക, വീട്ടുജോലിക്കാരുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മുതല്‍ സൗദിയിലേക്ക് വരുന്ന പുതിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഈ നിയമം ബാധകമാകുക.

അടുത്ത വര്‍ഷം ജനുവരി മുതലുള്ള രണ്ടാംഘട്ടത്തില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കും അടുത്ത ജൂലൈയില്‍ മൂന്നാം ഘട്ടത്തില്‍ മൂന്നോ അതിലധികമോ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കും ഒക്ടോബറില്‍ നാലാം ഘട്ടത്തില്‍ രണ്ടോ അതിലധികമോ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കും 2026 ജനുവരിയിലെ അവസാന ഘട്ടത്തില്‍ മുഴുവന്‍ വീട്ടുജോലിക്കാര്‍ക്കും ഈ നിയമം ബാധകമാവും.

തൊഴിലുടമ കരാര്‍പ്രകാരമുള്ള ശമ്പളമാണ് വാലറ്റ് വഴി നല്‍കേണ്ടതെന്ന് മുസാനിദ് വ്യക്തമാക്കി. എല്ലാ ഹിജ്റ മാസവും അവസാന തീയതിയിലാണ് ശമ്പളം നല്‍കണ്ടേത്. തൊഴിലാളി ശമ്പളം പണമായി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെ കൈമാറ്റം നടത്താമെന്നും പണം പിന്‍വലിക്കുന്നതിന് തൊഴിലാളിക്ക് ‘മദാ’ കാര്‍ഡ് നല്‍കാമെന്നും മുസാനിദ് വിശദീകരിച്ചു.

Share this story